
കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം പിടിയിലായ നിജിൽ ദാസിനെ ഒളിവിൽ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തിൽ വീടിന് കേടുപാടുകൾ പറ്റി.
പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയായ അദ്ധ്യാപിക രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിൽ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസൻ കൊല്ലപ്പെട്ടതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ബി.ജെ.പി വാർഡ് കൗൺസിലർ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തു. .