covid-19

ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് രണ്ട് വർഷത്തിലധികമായി. കൊവിഡിന്റെ മൂന്ന് തരംഗങ്ങളെ അതിജീവിച്ചവരാണ് നാം. മൂന്നാം തരംഗം ആഞ്ഞടിച്ചതോടെ ഭൂരിഭാഗം പേരെയും കൊവിഡ് ബാധിക്കുകയും ചെയ്തു. നമ്മെയൊക്കെ കുറച്ച് ദിവസം ക്വാറന്റീനിൽ ഇരുത്തിയ ശേഷം അത് കടന്നുപോവുകയും ചെയ്തു. അസുഖം ബാധിച്ച് ക്വാറന്റീനിൽ കഴിയുക അത്ര രസമുള്ള കാര്യമല്ലെന്ന് അങ്ങനെ പലർക്കും മനസ്സിലായി. അസുഖം പിടിപെട്ട് ദിവസങ്ങളോളം ഇരിക്കുന്നത് പലർക്കും വലിയ പ്രയാസമുണ്ടാക്കി. എന്നാൽ യു കെയിൽ ഒരു മനുഷ്യൻ കൊവിഡ് ബാധിച്ചത് എത്ര ദിവസമെന്ന് കേട്ടാൽ നാമെല്ലാം അനുഭവിച്ചത് അത്ര വലിയ അവസ്ഥയല്ലെന്ന് വ്യക്തമാവും.

505 ദിവസമാണ് അയാൾ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നത്. ഞെട്ടണ്ട കേട്ടത് ശരിയാണ്. ഒരു വർഷവും മൂന്ന് മാസവുമാണ് അയാളെ കൊവിഡ് ആശങ്കയിലാഴ്ത്തിയത്. ഇദ്ദേഹത്തിന്റെ പ്രതിരോധ ശേഷി വളരെ ദുർബലമായതാണ് ഇതിന് കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഏകദേശം 45 തവണ ചെയ്ത കൊവിഡ് പരിശോധനയിലും ഇദ്ദേഹത്തിന് പോസിറ്റീവ് റിസൾട്ടാണ് ലഭിച്ചത്. ഈ കാലത്തിനിടയിൽ ഇദ്ദേഹത്തെ ബാധിച്ചത് ഒമിക്രോൺ ഉൾപ്പടെ കൊവിഡിന്റെ പത്തോളം വകഭേദങ്ങളാണ്. 2020ൽ കൊവിഡ് ബാധിച്ച ഇദ്ദേഹം 505 ദിവസങ്ങൾക്ക് ശേഷം മരണമടയുകയായിരുന്നു.


ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ അണുബാധയാണിതെന്നാണ് പകർച്ചവ്യാധി രോഗ വിദഗ്ദ്ധനായ ഡോ. ബ്ലാഗ്ഡൺ സ്‌നെൽ പറഞ്ഞത്. ഇത് വളരെ അപൂർവമായ സാഹചര്യമാണെന്നും ലോംഗ് കൊവിഡ് എന്ന അവസ്ഥയിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശരീരത്തിൽ നിന്ന് വൈറസ് പോയാലും കുറേ കാലത്തേക്ക് രോഗലക്ഷണം നിലനിൽക്കുന്ന അവസ്ഥയാണ് ലോംഗ് കൊവിഡ്. ഇതിന് മുമ്പ് റെക്കോഡ് ആയി കണക്കാക്കിയിരുന്ന ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് ബാധ ലണ്ടനിലാണ് റിപ്പോർട്ട് ചെയ്തത്. 335 ദിവസമായിരുന്നു അത്.