pure-ev

മുംബയ്: പ്രമുഖ ബ്രാൻഡുകളുടെ വൈദ്യുത വാഹനങ്ങൾ തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതും പതിവായതോടെ വിപണിയിലിറക്കിയ തങ്ങളുടെ വണ്ടികൾ ചില കമ്പനികൾ തിരിച്ച് വിളിച്ചിരുന്നു. ഓകിനാവ ഓട്ടോടെക് തങ്ങളുടെ പ്രെയ്സ് പ്രോ ഇ മോഡലിന്റെ 3215 സ്‌കൂട്ടറുകൾ തിരിച്ച് വിളിച്ചതായിരുന്നു ഒടുവിലത്തെ വാർത്ത.

തെലങ്കാനയിൽ കഴിഞ്ഞ ദിവസം ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 കാരൻ മരണമടഞ്ഞത് വൻ വാർത്തയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ അന്വേഷിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

ഇലക്ട്രിക് വണ്ടികൾക്ക് തീ പിടിക്കുന്നത് ബാറ്ററി പ്രശ്നങ്ങൾകൊണ്ടല്ലെന്നും ബാഹ്യമായ മറ്റ് ഘടകങ്ങളായിരിക്കുമെന്നും വാഹന നിർമാതാക്കൾ ആവുന്നിടത്തോളം പറയുന്നുണ്ട്. അമിതമായ ചാർജിംഗ് പോലുള്ള അപാതകൾകൊണ്ട് ബാറ്ററിയിലുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടോ ക്രമാതീതമായി ഉയരുന്ന അന്തരീക്ഷ താപനില കൊണ്ടോ ആയിരിക്കാം വാഹനങ്ങൾക്ക് തീ പിടിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

ഓകിനാവയ്ക്ക് പിന്നാലെ തങ്ങളുടെ 2000 സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ച് പ്യുവർ ഇവിയും രംഗത്തെത്തി. കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്ന സംഭത്തിന് കാരണമായ സ്‌കൂട്ടർ ഈ കമ്പനിയുടേതാണെന്നാണ് മരിച്ച വ്യക്തിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മരണത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് തങ്ങളുടെ സ്‌കൂട്ടറുകൾ തിരിച്ചുവിളിക്കാൻ കമ്പനി തീരുമാനമെടുത്തത്. പ്യുവറിന്റെ ഇ ട്രാൻസ് പ്ലസ്, ഇ പ്ലൂട്ടോ 7ജി എന്നീ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. വാഹനങ്ങളും ബാറ്ററികളും ഒന്നുകൂടി കർശന പരിശോധനകൾക്ക് വിധേയമാക്കുമെന്ന് കമ്പനി അറിയിച്ചു.