
പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശംഖുവാരത്തോട് കുന്നുംപുറം സ്വദേശി അഷ്‌വാഹ്(23), കാന്നിരപ്പുഴ ഐക്കാപാടം സ്വദേശി സദ്ദാം ഹുസൈൻ(30), കാവിൽപാട് കല്ലംപറമ്പിൽ സ്വദേശി അഷ്റഫ്(29) എന്നിവരാണ് അറസ്റ്റിലായത്.
അഷ്‌വാഹും അഷ്റഫും ഗൂഢാലോചനയിൽ പങ്കെടുത്തവരാണ്. പ്രതികളിൽ ഒരാളെ ഒളിപ്പിച്ചതിനാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ ഏഴ് പേരാണ് പിടിയിലായത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ ഉർജ്ജിതമാക്കിയതായി എ.ഡി.ജി.പി വിജയ് സാഖറെ അറിയിച്ചു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പാലക്കാട് കൽപ്പാത്തി ശംഖുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാൽ (22), മുഹമ്മദ് റിസ്വാൻ (20), ശംഖുവാരത്തോട് സ്വദേശി റിയാസുദ്ദീൻ (35), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാരപ്പത്ത് തൊടി സഹദ് (22) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.