
കൃഷിയ്ക്ക് അനുയോജ്യമായ മാസമാണ് മേടം. മേടം ഒന്നിന് വിഷു ആഘോഷിക്കുന്നതോടെയാണ് കൃഷി ആചാരങ്ങൾക്ക് തുടക്കംകുറിക്കുന്നത്. വിഷുനാളിൽ പാടത്ത് ചാലുകീറിയ ശേഷം മേടം പത്തിന് പത്താമുദയ ദിവസമാണ് വിത്ത് വിതയ്ക്കുന്നത്. സൂര്യൻ ഏറ്റവും കരുത്തോടെ കത്തിജ്വലിച്ച് നിൽക്കുന്ന ദിവസമാണ് പത്താമുദയം. അതിനാൽ എല്ലാ ശുഭകാര്യങ്ങളും ആരംഭിക്കാനും ഏറ്റവും അനുയോജ്യമായ ദിവസമാണ് ഇതെന്നാണ് സങ്കൽപ്പം. പത്താമുദയ ദിവസം മുഹൂർത്തം പോലും നോക്കേണ്ട ആവശ്യമില്ല. ഇന്നാണ് ഇക്കൊല്ലത്തെ പത്താമുദയം .
പത്താമുദയ ദിവസം സൂര്യൻ ഉച്ചത്തിലാണ് എന്നതാണ് പ്രത്യേകത. അഥവാ സൂര്യഭഗവൻ ഏറ്റവും ബലവാനായി വരുന്ന ദിവസം. അതിനാൽ രാവിലെ തന്നെ കുളിച്ച് വിളക്ക് കൊളുത്തി ഗായത്രി മന്ത്രം ജപിച്ച് സൂര്യഭഗവാനെയും വിഘ്നേശ്വരനെയും പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. മണ്ണിനോടുള്ള മലയാളികളുടെ സ്നേഹത്തിന്റെ പ്രതീകമായി പത്താമുദയവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും പണ്ടുകാലത്ത് ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ഉദയസൂര്യനെ വിളക്കുകൊളുത്തി കാണിക്കുക എന്നത്. അതുപോലെ സൂര്യാരാധനയുടെ ഭാഗമായി വെള്ളിമുറം കാണിക്കലെന്നൊരു ചടങ്ങും മുമ്പ് ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി സൂര്യനെ ഉദയത്തിന് കാണിക്കും. പിന്നീട് ഈ അരിപ്പൊടി പലഹാരമാക്കി കഴിക്കും.
ഏത് തൈ നടാനും വിത്ത് വിതയ്ക്കാനും പറ്റിയ ദിവസമാണ് പത്താമുദയം. വീട് പാലുകാച്ചുന്നതിനും ഈ ദിവസം ഉത്തമമാണ്. മുഹൂർത്തമില്ലാത്തതിനാൽ നടക്കാതെ പോയ പലകാര്യങ്ങളും മുഹൂർത്തം നോക്കാതെ പത്താമുദയ ദിവസം നടത്താമെന്നാണ് ആചാരം. കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം ഉത്സവങ്ങളും പ്രത്യേക പൂജകളും നടത്തും.
സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമായ പത്താമുദയത്തിൽ ഭക്തിയോടെ സൂര്യദേവനെ സ്മരിച്ചാൽ രോഗദുരിതങ്ങൾ അകന്നുപോവും എന്നാണ് വിശ്വാസം. ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർദ്ധിക്കും. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമാണ്. സൂര്യഭഗവാന്റെ ഏറ്റവും ശക്തിയേറിയ മന്ത്രമാണ് ആദിത്യഹൃദയം. ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ജീവിതത്തിൽ നിത്യവിജയിയാവാൻ മാതാപിതാക്കൾ കുട്ടികളെ ആദിത്യഹൃദയമന്ത്രജപം ചെറുപ്പം മുതലേ ശീലിപ്പിക്കണം. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല.
ആദിത്യഹൃദയം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
സൂര്യസ്തോത്രം
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം