kseb

തിരുവനന്തപുരം: കെഎസ്ഇബി ആസ്ഥാനത്തിന് മുന്നിൽ പന്തൽ കെട്ടി രണ്ടാഴ്ചയിലേറെ സിപിഎം അനുകൂല ഓഫീസേഴ്സ്‌ അസോസിയേഷൻ നടത്തിയ സമരത്തിനെതിരെ രൂക്ഷവിമർശനമുയർത്തി മറ്റ് സംഘടനകൾ. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി.

ചെയർമാൻ- അസോസിയേഷൻ പോര് സൃഷ്ടിച്ച സംഘർഷം പരിഹരിക്കാൻ മന്ത്രി വിളിച്ചുകൂട്ടിയ സംഘടനകളുടെ യോഗത്തിന് ശേഷം സർക്കാരിന് നൽകിയ മിനിറ്റ്സ് രേഖയിലാണ് ഈ വെളിപ്പെടുത്തൽ. മിനിറ്റ്സിന്റെ പകർപ്പ് കേരളകൗമുദിക്ക് ലഭിച്ചു

കെഎസ്ഇബിയിലെ ഓഫീസർമാരുടെ ഒൻപത് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. നിയമവും കീഴ്വഴക്കവും പരിശോധിച്ചായിരിക്കും തീരുമാനങ്ങളെന്നും, അതിന് ബോർഡിന് കുറച്ചു സമയം ആവശ്യമാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

ന്യായീകരിക്കാനാവാത്ത കാര്യത്തിനാണ് അസോസിയേഷൻ സമരം തുടങ്ങിയതെന്ന് യോഗത്തിൽ പൊതുവെ വിമർശനമുയർന്നു. ലീവെടുക്കാതെ അസാമിലേക്ക് യാത്ര പോയ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ സസ്പെൻഡ് ചെയ്തതിനെതിരെയാണ് സമരം.

ഇത്ര നിസാര കാര്യത്തിന് 33000 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സമരം നടത്തിയത് അവമതിപ്പുണ്ടാക്കി. ജാസ്മിൻ ബാനുവിനെയും പിന്നാലെ സസ്പെൻഷനിലായ തന്നെയും, ജനറൽ സെക്രട്ടറിയെയും തിരിച്ചെടുത്ത് പഴയ ലാവണത്തിൽ നിയമിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ്കുമാർ ആവശ്യപ്പെട്ടു. സമരത്തിനിടെ പദ്ധതി അവലോകന യോഗം വിളിച്ച ചെയർമാന്റെ നടപടി പ്രഹസനമായിരുന്നെന്നും കുറ്റപ്പെടുത്തി.

അതേ സമയം, ജാസ്മിൻ ബാനുവിനെക്കുറിച്ച് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞത് പച്ചക്കള്ളമാണെന്നും അവർ ലീവെടുക്കുന്നതിന് മുമ്പ് ഒരു നടപടിക്രമവും പാലിച്ചില്ലെന്നും എൻജിനിയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ പറഞ്ഞു. ന്യായമായ സസ്പെൻഷൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പിൻവലിച്ചത് തെറ്റായ കീഴ്വഴക്കമാണെന്നും ചൂണ്ടിക്കാട്ടി.

പി.എസ്. പ്രശാന്ത് (പവർ ബോർഡ്ഫീ ഓഫീസേഴ്സ് അസോസിയേഷൻ), ബിജുപ്രകാശ് (പവർ ബോർഡ് ഫെഡറേഷൻ ), എം.ജി. അനന്തകൃഷ്ണൻ (ഓഫീസേഴ്സ് ഫെഡറേഷൻ), യു.വി. സുരേഷ് (ഓഫീസേഴ്സ് സംഘ് ), പി.ജി.ബൈജു (മിനിസ്റ്റീരിയൽ ഓഫീസേഴ്സ് അസോസിയഷൻ), ഡേവിഡ് സൺ (പി.ജി.ഇ.എ), ആർ രമേഷ് (സിവിൽ ബ്രാഞ്ച് എൻജിനിയേഴ്സ് അസോസിയേഷൻ) എന്നീ നേതാക്കളും സമരത്തെ തള്ളിപ്പറയുകയും, ചെയർമാനെ ന്യായീകരിക്കുകയും ചെയ്തു.

കെഎസ്ഇബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന അഞ്ച് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുക്കാമെന്ന് ചെയർമാൻ ബി അശോക് യോഗത്തിൽ അറിയിച്ചു. സ്ഥാപനത്തിലെ വിജിലൻസ് റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്ന സുരേഷ്‌കുമാറിന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു.