
തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ എല്ലാക്കാലത്തും സർക്കാരിന് കഴിയില്ലെന്ന് ആവർത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു.ശമ്പളം കൊടുക്കേണ്ട ബാദ്ധ്യത സർക്കാരിനില്ല. അത് മാനേജ്‌മെന്റിനാണെന്നും മന്ത്രി പറഞ്ഞു. ഇന്നലെ തൊഴിലാളി യൂണിയനുകളുമായുളള ചർച്ചകൾക്ക് മുൻപായിരുന്നു ഗതാഗതമന്ത്രി ആദ്യം ഈ അഭിപ്രായം രേഖപ്പെടുത്തിയത്. കെഎസ്‌ആർടിസിയ്‌ക്ക് വേണ്ട സഹായം സർക്കാർ തുടരുമെന്നും എന്നാൽ മുഴുവൻ ചിലവും ഏറ്റെടുക്കാൻ കഴിയില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വയം വരുമാനം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഗതാഗതമന്ത്രിയുടെ അഭിപ്രായത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ പിന്തുണച്ചിരുന്നു. സർക്കാരിന്റെ കൂട്ടായ തീരുമാനമാണ് ആന്റണി രാജു പറഞ്ഞത്. ടോൾ പ്ളാസയിൽ പോലും മുപ്പത് കോടി രൂപയുടെ ബാദ്ധ്യത കെഎസ്‌ആർടിസിയ്‌ക്കുണ്ട്. വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നും ധനമന്ത്രി പറഞ്ഞു.
ഗതാഗതമന്ത്രിയുമായി ചർച്ച നടത്താമെന്ന തീരുമാനം വന്നതോടെ കെഎസ്‌ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. 25നാണ് മന്ത്രിയുമായി ചർച്ച നടത്തുക.ഇന്നലെ നടന്ന ചർച്ചയിൽ 12 മണിക്കൂർ ഡ്യൂട്ടി പാറ്റേണും ശമ്പളത്തിന് 20 ഡ്യൂട്ടി പാറ്റേണും വേണമെന്ന തീരുമാനങ്ങൾ മരവിപ്പിച്ചു. എന്നാൽ എല്ലാമാസവും അഞ്ചിന് മുൻപ് ശമ്പളവിതരണം എന്ന ആവശ്യത്തിൽ കെഎസ്‌ആർടിസി മാനേജ്‌മെന്റിൽ നിന്ന് തൊഴിലാളികൾക്ക് ഉറപ്പ് ലഭിച്ചില്ല.