
മുംബയ്: കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന ആവേശപ്പോരാട്ടം ഐ.പി.എൽ ചരിത്രത്തിൽ നാണക്കേടുണ്ടായി സംഭവങ്ങളിൽ ഒരു അദ്ധ്യായം കൂടി ചേർത്ത മത്സരമായി മാറി.
നോബോൾ അനുവദിക്കാത്തതിന്റെ പേരിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ നായകനായ റിഷഭ് പന്തും അമ്പയർമാരുമായി വാഗ്വാദത്തിലേർപ്പെട്ടത്. ജയിക്കാൻ 20 ഓവറിൽ 223 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്ക് ഒബെദ് മക്‌ക്കോയി എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ ആറു പന്തിൽ 36 റൺസ് വേണമായിരുന്നു.

ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്സർ അടിച്ച റോമാൻ പവൽ മൂന്നാമത്തെ പന്തും സിക്സർ അടിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മൂന്നാമത്തെ പന്ത് ഇടുപ്പിന് മുകളിലായിരുന്നെന്നും അതിന് നോബാൾ അനുവദിക്കണമെന്നുമായിരുന്നു റിഷഭ് പന്തിന്റെ ആവശ്യം. എന്നാൽ പന്തിന്റെ ആവശ്യത്തോട് വഴങ്ങാൻ അമ്പയർമാർ തയ്യാറായില്ല. തുടർന്ന് ക്രീസിൽ നിന്നിരുന്ന കുൽദീപ് യാദവ് അമ്പയർമാരോട് സംസാരിച്ചെങ്കിലും തങ്ങളുടെ തീരുമാനം മാറ്റാൻ ഇവർ തയ്യാറായില്ല.
ഇതിൽ ക്ഷുഭിതനായ പന്ത് പവലിനോടും കുൽദീപിനോടും കളി മതിയാക്കി മടങ്ങിവരാൻ ആവശ്യപ്പെട്ടു. എന്നാൽ താരങ്ങൾ മടങ്ങിവരുന്നില്ലെന്ന് കണ്ടതോടെ തന്റെ പരിശീലന സംഘത്തിലെ ഒരാളെ അമ്പയർമാരോട് സംസാരിക്കുന്നതിന് വേണ്ടി പന്ത് ഗ്രൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നു. ക്രിക്കറ്റിൽ മത്സരത്തിനിടെ ഗ്രൗണ്ടിൽ പ്രവേശിക്കാൻ പരിശീലകന് അനുവാദം ഇല്ലെന്നിരിക്കെയാണ് ഡൽഹി ക്യാപിറ്റൽസിന്റെയും നായകൻ റിഷഭി പന്തിന്റെയും നീക്കം.

റീപ്ളേകളിൽ ആ പന്ത് നോബാൾ അയിരുന്നെന്ന് വ്യക്തമായിരുന്നു. എങ്കിലും അമ്പയർമാരുടെ തീരുമാനം അന്തിമമായതിനാൽ ഗ്രൗണ്ടിനു പുറത്തുള്ള ഒരാൾക്ക് അത് ചോദ്യം ചെയ്യാൻ അനുവാദമില്ല.
മത്സരത്തിനിടെ താരങ്ങളെ മടക്കി വിളിച്ച റിഷഭ് പന്തിന് ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോൾ വർഷമാണ് ലഭിക്കുന്നത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 15 റൺസിനാണ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിന് പിന്നാലെ പന്തിന് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. മാച്ച് ഫീസ് മുഴുവനായും നൽകണം. ബാറ്റിംഗ് കോച്ച് പ്രവീൺ ആംറയെ ഒരു മത്സരത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ചെന്നെെ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റൻ ധോണിയെയും ട്രോളന്മാർ വെറുതെ വിട്ടില്ല. ഏറെക്കുറെ സമാനമായ സംഭവം ചെന്നെെയുടെ മത്സരത്തിലും മുൻപ് നടന്നിരുന്നു. സാധാരണ സമ്മർദ ഘട്ടത്തിൽ ശാന്തനായി കാണാറുള്ള ധോണിയെ കലിപ്പ് മോഡിലാണ് അന്ന് ആരാധകർ കണ്ടത്.

രാജസ്ഥാനെതിരായ മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു സംഭവം. ചെന്നൈയ്ക്ക് ജയിക്കാന്‍ 18 റണ്‍സായിരുന്നു അവസാന ഓവറിൽ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തിൽ 10 റൺസ് നേടിയ ചെന്നൈയുടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ എട്ടു റണ്‍സായി.
സാന്റ്‌നര്‍ നേരിട്ട ഓവറിലെ നാലാം പന്ത് തന്നെ വളരെ ഉയരത്തിലായിരുന്നു. ആദ്യം അമ്പയര്‍ നോ ബോള്‍ വിളിച്ചെങ്കിലും പിന്നീട് തിരുത്തി. ഇതാണ് ചെന്നൈയെ പ്രകോപിപ്പിച്ചത്. അത് നോ ബോൾ ആണെന്ന ജഡേജ വാദിച്ചു. ഇതിനിടെ ഡഗ്ഔട്ടില്‍ നിന്നും ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങി. ബൗണ്ടറി ലൈനില്‍ നിന്ന് അമ്പയറോട് ദേഷ്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ധോണി മൈതാനത്തേക്ക് വന്നത്.

ഡഗ്‌ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങി ധോണി അമ്പയറോട് അമ്പയറോട് കയർത്തത് നിയമലംഘനമായിരുന്നു. മത്സരത്തിൽ ചെന്നെെ അവസാന പന്തിൽ വിജയിച്ചു. മത്സരത്തിന് പിന്നാലെ താരം ഐ.പി.എൽ പെരുമാറ്റചട്ടം ലെവൽ 2 നിയമം ലംഘിച്ചെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.
മാച്ച് ഫീസിന്റെ 50 ശതമാനം പിഴയും ധോണിക്ക് ഒടുക്കേണ്ടി വന്നു. ഇതല്ലാതെയും ധോണി അമ്പയറോട് മത്സരത്തിനിടെ കയർത്ത സംഭവം ഉണ്ടായിട്ടുണ്ട്. അനാവശ്യ വെെഡ് അമ്പയർ വിധിക്കാനൊരുങ്ങിയപ്പോഴായിരുന്നു അത്. ഈ സംഭവങ്ങളെല്ലാം വീണ്ടും കുത്തിപ്പൊക്കിയാണ് ധോണിക്കെതിരെയും ട്രോളുകൾ വരുന്നത്.
