bjp-sh

മുംബയ്: നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിക്കുകയും ഗോഡ്സെയുടെ ആദർശത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപിയെന്ന് ശിവസേന മുഖപത്രം സാമ‌്‌ന. എന്നാൽ വിദേശികൾ രാജ്യത്ത് സന്ദർശനം നടത്തുമ്പോൾ പാർട്ടി അംഗങ്ങൾ അവരുമൊത്ത് ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെത്തി ചർക്കയിൽ നൂൽനൂക്കാറുണ്ടെന്നും സാമ്‌നയിലെ മുഖപ്രസംഗത്തിൽ പരിഹസിക്കുന്നുണ്ട്. ഗുജറാത്തിൽ 'സ്‌റ്റാച്യു ഓഫ് യൂണിറ്റി' ഉണ്ടെങ്കിലും വിദേശികളെ സബർമതി ആശ്രമത്തിലേക്കാണ് കൊണ്ടുവരാറ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണടക്കം വിശിഷ്‌ടാതിഥികൾ വന്നപ്പോഴും സർദാർ പട്ടേലിന്റെ സ്‌റ്റാച്യു ഓഫ് ലിബർട്ടി കാണാൻ കൊണ്ടുപോയില്ല.ഇതിനുകാരണം ഇന്ത്യയുടെ പ്രതീകമായി ആഗോളതലത്തിൽ നിലനിൽക്കുന്നത് മഹാത്മാ ഗാന്ധിയാണ്. സാമ്‌നയിൽ പറയുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്ന വർഗീയ ലഹളകൾക്ക് കാരണം ബിജെപിയാണെന്നും വിമർശനമുണ്ടായി.

ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ ഇവിടെ മത‌സ്‌പർദ്ധയുടെയും കലാപത്തിന്റെയും അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. നിരവധി വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തുമ്പോൾ ദേശീയ തലസ്ഥാനമായ ഡൽഹിയിലടക്കം അതേ അന്തരീക്ഷം തുടരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ കണ്ട അതേ അന്തരീക്ഷത്തിൽ ജോൺസൺ ഇന്ത്യയെ കണ്ടു.

ഏപ്രിൽ 21,22 തീയതികളിൽ ഇന്ത്യ സന്ദർശിച്ച ബോറിസ് ജോൺസൺ സബർമതി ആശ്രമത്തിലും അക്ഷർധാം ക്ഷേത്രത്തിലും സന്ദർശനം നടത്തി. ഗൗതം അദാനിയെയും കണ്ട ബ്രിട്ടീഷ് പ്രധാനമന്ത്രി അദാനിയെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രത്യേക സുഹൃത്ത് എന്ന് വിളിച്ചിരുന്നു.