
കണ്ണൂർ: ഹരിദാസ് വധക്കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ നിജിൽ ദാസിനെ ഒളിപ്പിച്ച കുടുംബത്തിന് സി പി എമ്മുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'പ്രതിയെ ഒളിപ്പിച്ച രേഷ്മ പ്രവാസിയുടെ ഭാര്യയാണ്. ഇവർക്ക് പ്രതിയുമായി അടുത്ത ബന്ധമുണ്ട്. പ്രതിയുമായി രേഷ്മയ്ക്കുള്ള ബന്ധം ദുരൂഹമാണ്. കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപിക ഇത്തരത്തിൽ പെരുമാറരുത്.'- ജയരാജൻ പറഞ്ഞു.
രേഷ്മയും ഭർത്താവും അർ എസ് എസ് അനുകൂല നിലപാടുള്ളവരാണെന്നും ജയരാജൻ പറഞ്ഞു. അതേസമയം പിണറായിയിലെ ബോംബ് ഏറിൽ പാർട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എം പ്രവർത്തകൻ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർ എസ് എസ് തലശേരി ഖണ്ഡ് കാര്യവാഹക് പുന്നോൽ ചെള്ളത്ത് മടപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസ് ഇന്നലെ രാത്രിയാണ് പിടിയിലായത്. പ്രവാസിയായ പ്രശാന്ത് എന്നയാളുടെ വീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രശാന്ത് സി പി എം പ്രവർത്തകനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇയാളുടെ ഭാര്യ പി എം രേഷ്മയാണ് പ്രതിക്ക് വീട് നൽകിയത്.