
ന്യൂഡൽഹി: പാകിസ്ഥാനിൽ ഉപരിപഠനം ചെയ്യുകയോ അവിടെനിന്ന് ബിരുദം സ്വന്തമാക്കുകയോ ചെയ്യരുതെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനും ഓൾ ഇന്ത്യ കൗൺസിൽ ഒഫ് ടെക്‌നിക്കൽ എജ്യൂക്കേഷനും. പാകിസ്ഥാനിലെ ബിരുദത്തിന് ഇന്ത്യയിൽ അംഗീകാരമില്ലാത്തതിനാലാണ് ഇത്തരമൊരു നിർദേശം കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ നൽകിയത്.
ഉപരിപഠനത്തിനായി ആരും പാകിസ്ഥാനിലേക്ക് പോകരുത്. പാകിസ്ഥാനിൽ നിന്നും ലഭിച്ച ബിരുദത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരനോ ഇന്ത്യയിലെ വിദേശ പൗരനോ ഇന്ത്യയിൽ ഉപരിപഠനത്തിനോ തൊഴിലിനോ യോഗ്യനായിരിക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ പാകിസ്ഥാനിൽ നിന്നും ഉന്നതവിദ്യാഭ്യാസ ബിരുദം നേടിയവരും ഇന്ത്യ പൗരത്വം നൽകിയവരുമായ കുടിയേറ്റക്കാരും അവരുടെ കുട്ടികളും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും സുരക്ഷാ ക്ളിയറൻസ് സ്വന്തമാക്കുന്ന പക്ഷം ഇന്ത്യയിൽ തൊഴിൽ നേടാൻ അർഹരായിരിക്കുമെന്നും യുജിസിയും എഐസിടിഇയും അറിയിച്ചു.