
അഹമ്മദാബാദ്: പ്രധാനമന്ത്രിയായ ശേഷമുളള തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെ വലിയൊരു ശതകോടീശ്വരനെ കണ്ടിരുന്നു. അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിയെയായിരുന്നു അത്. അഹമ്മദാബാദിൽ അദാനി ഗ്രൂപ്പിന്റെ ശാന്തിഗ്രാമിലെ ആസ്ഥാനത്താണ് ബോറിസ് ജോൺസണും ഗൗതം അദാനിയും കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായതിനെ കുറിച്ച് ട്വിറ്ററിൽ അദാനി സൂചിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ദേശീയ ഹൈഡ്രജൻ മിഷൻ ഗ്രീൻ എച്ച്2, ഒപ്പം പ്രതിരോധ, ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്ത് യുകെ കമ്പനികളുടെ സഹകരണത്തോടെ പദ്ധതികളുമാണ് ചർച്ചയായതെന്നാണ് അദാനി ട്വീറ്റ് ചെയ്തത്.
പ്രതിരോധ രംഗത്തെ വികസനത്തിന് 2030ഓടെ 300 ബില്യൺ ഡോളറിന്റെ പദ്ധതികളും മറ്റ് പ്രധാനപദ്ധതികളും എങ്ങനെ അദാനി ഗ്രൂപ്പും ബ്രിട്ടീഷ് കമ്പനികളുമായി നടത്താൻ സാധിക്കുമെന്നതിന്റെ ചർച്ചകളാണ് നടന്നത്. യുവ ഇന്ത്യക്കാർക്ക് അപേക്ഷിക്കാവുന്ന ബ്രിട്ടീഷ് സർക്കാരിന്റെ അഭിമാനമായ സ്കോളർഷിപ്പ് പദ്ധതിയായ ഷെവെനിംഗ് സ്കോളർഷിപ്പും അദാനി പ്രഖ്യാപിച്ചു. ജൂൺ 28ന് ലണ്ടനിൽ നടക്കുന്ന ഇന്ത്യ-യുകെ കാലാവസ്ഥ സയൻസ്-സാങ്കേതികവിദ്യ ഉച്ചകോടിയിലേക്ക് അദാനി, ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ പ്രത്യേക സുഹൃത്ത് എന്നാണ് അദാനിയെ ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്. മുൻപ് ഇന്ത്യാ സന്ദർശനത്തിന് ജോൺസൺ തീരുമാനിച്ചപ്പോഴെല്ലാം കൊവിഡ് വ്യാപനം മൂലം അത് തടസപ്പെട്ടിരുന്നു.