
കോഴിക്കോട്: ഫ്യൂസൂരിയതിന്റെ പേരിൽ വീട്ടുടമ കെഎസ്ഇബി ജീവനക്കാരനെ ഓഫീസിൽ കയറി മർദിച്ചെന്ന് പരാതി. കോഴിക്കോട് പുതുപ്പാടിയിൽ ഓഫീസിൽ രമേശനാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.
മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചെന്ന് പറഞ്ഞ് കെഎസ്ഇബി ഓഫീസിലെത്തിയ എലോക്കര സ്വദേശി നഹാസ് സീനിയർ സൂപ്രണ്ടിനോടടക്കം കലഹിച്ചിരുന്നു. ശേഷം പുറത്ത് നിന്നിരുന്ന രമേശനെ നഹാസ് തിരിച്ചുപോകും വഴി മർദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് മർദനമേറ്റ രമേശൻ താമരശേരി പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. മർദിച്ച ശേഷം തിരിച്ചുപോയ നഹാസ് കൂടുതൽ ആളെ കൂട്ടി ഓഫീസിലേയ്ക്ക് മടങ്ങിയെത്തിയെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും രമേശൻ പറയുന്നു. സംഭവത്തിൽ കെഎസ്ഇബി വർക്കേഴ്സ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധം നടത്തി. മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
അതേസമയം, മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തതിന് ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് നഹാസിന്റെ പരാതി. ബില്ലടയ്ക്കാനുള്ള സമയം കഴിഞ്ഞതിനാൽ ഓൺലൈൻ വഴി പണം നൽകാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതും തർക്കത്തിന് കാരണമായി. സൂപ്രണ്ടും ജീവനക്കാരും ചേർന്ന് തന്നെ ആക്രമിച്ചെന്നും നഹാസ് പരാതിയിൽ പറയുന്നു.