
കെ റെയിലിനെപ്പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കി നടൻ സന്തോഷ് പണ്ഡിറ്റ്. എം ജി ശ്രീകുമാർ അവതാരകനായെത്തുന്ന പരിപാടിയിലായിരുന്ന താരം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
'കെ റെയിൽ എന്ന ആശയം നല്ലതാണ്. പക്ഷേ അതിന്റെ സ്‌പീഡ് വച്ചുനോക്കുമ്പോൾ വന്ദേ ഭാരത് ട്രെയിനുകൾ പകരമായി ഉപയോഗിക്കാവുന്നതാണ്. ബുള്ളറ്റ് ട്രെയിനുകൾ നല്ലതാണ്. സർക്കാരിന്റെ കെെയിൽ പെെസയുണ്ടെങ്കിൽ കെ റെയിൽ കൊണ്ടുവരുന്നതിൽ തെറ്റില്ല. ഇനി കടമെടുത്തിട്ടായാലും പദ്ധതി എത്രയും വേഗം പൂർത്തിയാക്കുക.
ജനങ്ങൾക്ക് ഈ പ്രദേശത്ത് കൺസ്‌ട്രക്ഷനോ മറ്റോ നടത്താനാകില്ല. വായ്‌പ പോലും ലഭ്യമാകില്ല. അതിനാൽ അവർ ആവശ്യപ്പെടുന്ന തുക നഷ്ടപരിഹാരമായി നൽകണം. ഇങ്ങനെയല്ലാതെ വെറുതെ കുറ്റിയടിച്ചിട്ട് കുറെ നാൾ കഴിഞ്ഞ് പെെസയില്ലെന്ന് പറഞ്ഞാൽ ജനങ്ങൾ ദുരിതത്തിലാകും' - സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ബഫർ സോണിലെ ജനങ്ങളും ദുരിതത്തിലാണ്. സ്ഥലം ഏറ്റെടുക്കുന്നില്ലെങ്കിലും അവർക്കും നഷ്ടങ്ങളുണ്ടാകുന്നുണ്ട്. അതിനാൽ അവർക്കും നഷ്ടപരിഹാരം നൽകണമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. വെെകുന്തോറും കൂടുതൽ തുക പദ്ധതിയ്ക്കായി വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സെമി ബുള്ളറ്റ് ട്രെയിൻ കേന്ദ്രത്തോട് ചോദിച്ചാൽ മതി. ഇതേ പാതയിലൂടെ ഒരു വന്ദേ ഭാരത് ട്രെയിൻ വന്നാൽ കെ റെയിലിന് തുല്യമാവുമെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.