
മലയാള സിനിമയിലെ ഗുരുതുല്ല്യനായ തിരക്കഥാകൃത്ത് വിട പറഞ്ഞിരിയ്ക്കുകയാണ്. അദ്ദേഹത്തെപ്പോലെ സിനിമാ ആസ്വാദകരെയും പ്രവർത്തകരെയും മാദ്ധ്യമ വിദ്യാർത്ഥികളെയും ഒരുപോലെ സ്വാധീനിച്ച മറ്റൊരു തിരക്കഥാകൃത്ത് മലയാള സിനിമയിൽ വേറെയുണ്ടോയെന്ന് സംശയമാണ്.
ജോൺപോളുമായി അടുത്ത ബന്ധമുണ്ടായിരുന്ന സിനിമാ പ്രവർത്തകരെല്ലാം അദ്ദേഹത്തെ വിളിച്ചിരുന്നത് അങ്കിളെന്നായിരുന്നു. തന്നോട് അടുക്കുന്നവരോട് അത്രയ്ക്ക് ആത്മബന്ധം സൂക്ഷിയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

അദ്ദേഹത്തെ താനുൾപ്പടെയുള്ള സിനിമാക്കാർ അങ്കിളെന്നാണ് വിളിച്ചിരുന്നതെന്ന് സംവിധായകൻ കമൽ പറഞ്ഞു. തന്റെ ഗുരുവായിരുന്നു അദ്ദേഹം. തന്നെ സംവിധായകനാക്കിയതും അങ്കിളാണ്. ജ്യേഷ്‌ഠ സഹോദരനും മെന്ററും ഒക്കെയായിരുന്നു. എന്തു പ്രശ്നം ഉണ്ടെങ്കിലും ആദ്യം വിളിയ്‌ക്കുക അദ്ദേഹത്തെയാണ്.
80 കളും 90 കളും അദ്ദേഹത്തിന്റെ സുവർണകാലഘട്ടമായിരുന്നു. ഭരതൻ, പത്മരാജൻ, കെ സി ജോർജ് ഒക്കെ ഉൾപ്പെടുന്ന മദ്ധ്യവർഗ സിനിമയുടെ ഒരു ധാരയുണ്ടായിരുന്നു. ആ ധാരയിലെ സാരഥിയായിരുന്നു ജോൺപോൾ. ഒരുപാട് സിനിമകൾ വ്യത്യസ്‌തമായ ജോണറിൽ അദ്ദേഹം ഒരുക്കി. ജോൺപോൾ അദ്ദേഹത്തെ തന്നെ ആവർത്തിച്ചിട്ടില്ലെന്നും കമൽ കൂട്ടിച്ചേർത്തു.
നടൻ മധുപാലിനും ജോൺപോൾ ഗുരുവാണ്, അങ്കിളാണ്. ജോൺപോൾ വെറുമൊരു തിരക്കഥാകൃത്ത് മാത്രമല്ല. തുടക്കക്കാരെ വലിയ തോതിൽ മോട്ടിവേറ്റ് ചെയ്യുന്നതിൽ അങ്കിൾ ശ്രദ്ധ ചെലുത്തി. സിനിമയാണ് ശ്വാസം എന്നൊക്കെ പറയുന്നതിന് സത്യമുണ്ടെന്ന് തോന്നിയത് ജോൺപോളിനെ പരിചയപ്പെട്ടതിനു ശേഷമാണെന്ന് മധുപാൽ പറഞ്ഞു.

തനിക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിത്തരുന്ന നല്ല ഉപദേശകന്‍ ആയിരുന്നു ജോൺപോൾ എന്നാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകൻ പ്രിയദര്‍ശന്‍ പറഞ്ഞത്.
'ഒരു സിനിമയില്‍ മാത്രമാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചത്. എന്നാൽ തന്റെ കഥയിൽ അദ്ദേഹം നിർദേശം നൽകിയിരുന്നു. ഞാന്‍ ജോണ്‍ അങ്കില്‍ എന്നാണ് വിളിച്ചിരുന്നത്. അങ്കിളിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചു. ' ഒരു യാത്രാ മൊഴി' എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എഴുതിയത് അദ്ദേഹമാണ്.
അങ്കിൾ വളരെ അധികം വായിക്കും. ചിരിച്ചല്ലാതെ ഇതുവരെ സംസാരിച്ചിട്ട് കണ്ടിട്ടില്ല. അത്രയും സൗമ്യനായ വ്യക്തിയാണ്. ഒരു അനുജനോട് പെറുമാറുന്നത് പോലെയാണ് പെരുമാറിയിരുന്നത്. സിബിയോടും കമലിനോടും അങ്ങനെ തന്നെയായിരുന്നു. എല്ലാവര്‍ക്കും അങ്കിൾ ഒരു ഉപദേശകന്‍ ആയിരുന്നു. എപ്പോഴും ഒരു നന്മ അദ്ദേഹത്തിന്റെ കഥകളിലുണ്ട്. അദ്ദേഹത്തിന്റെ മനസ് തന്നെയാണത്' - പ്രിയദർശൻ കൂട്ടിച്ചേർത്തു.
