
മലയാള സിനിമയുടെ ചരിത്രത്തിൽ എക്കാലവും സുവർണ ലിപികളാൽ കൊത്തി വയ്‌ക്കേണ്ട പേരാണ് ജോൺ പോളിന്റേത്. കുട്ടിക്കാലം മുതൽ സിനിമ മനസിലുണ്ടായിരുന്നുവെങ്കിലും ഒരിക്കൽ പോലും താനൊരു സിനിമാക്കാരനാകുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. അതിനുള്ള കാരണമായി അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത് മുൻകൂട്ടി തീരുമാനിച്ച പോലെ ഒന്നും ചെയ്തിട്ടില്ലെന്നും എവിടേക്കും എത്തിയിട്ടുമില്ലെന്നുമാണ്.
പക്ഷേ സിനിമയിൽ അഭിരമിച്ചിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് ജോൺ പോൾ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയോട് താത്പര്യം തോന്നിയിരുന്നു. എങ്കിലും ഒരിക്കലും മുഖ്യധാരാ സിനിമയുടെ അകത്തളങ്ങളിലെ അണിയറ ശിൽപ്പികളിൽ ഒരാളാകും എന്ന് പ്രതീക്ഷിച്ചിട്ടുമില്ല.
അതിന് വേണ്ടി ശ്രമിച്ചിട്ടുമില്ല. എല്ലാം ആകസ്മികമായി സംഭവിച്ചതാണ്. ഏതോ അദൃശ്യ ശക്തി നയിച്ചുകൊണ്ടുപോകുന്നതുപോലെയാണ് തോന്നിയിട്ടുള്ളതെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മാദ്ധ്യമപ്രവർത്തന രംഗത്തായാലും അദ്ധ്യാപന രംഗത്തായാലും സാംസ്കാരിക പ്രവർത്തനങ്ങളിലായാലും ജീവിതത്തിന്റെ ഏതു തുറകളിലായാലും ജീവിതം അങ്ങനെയാണ് ഒഴുകിയിട്ടുള്ളത്.
കുട്ടിക്കാലത്ത് പല പല ആഗ്രഹങ്ങളായിരുന്നു മനസിൽ. അതിലൊന്നായിരുന്നു വൈദികനാകാൻ ആഗ്രഹിച്ചത്. കടുത്ത വിശ്വാസികളായിരുന്നു അപ്പനും അമ്മയും. ഒരു കാലഘട്ടം വരെ അൾത്താര ബാലനാകണമെന്ന് അദമ്യമായി ആഗ്രഹിച്ചിരുന്നു. പക്ഷേ അൾത്താരയുമായി കൂടുതൽ അടുത്തപ്പോൾ വൈദിക വൃത്തിയോടുള്ള എല്ലാ ബഹുമാനവും നിലനിറുത്തി കൊണ്ട് തന്നെ അദ്ദേഹം തിരിച്ചറിഞ്ഞു തന്റെ മനസിന് പൗരോഹിത്യവുമായി ഒത്തുപോകാൻ കഴിയില്ലെന്ന്.
സത്യസന്ധമായ വിശ്വാസങ്ങൾക്ക് ദൈവവുമായി നേരിട്ട് ഇടപഴകുന്നതാണ് നല്ലതെന്നും മറ്റൊരാളുടെ ഇടപെടലിൽ മദ്ധ്യസ്ഥനാകാതെ നിൽക്കുക എന്നതുമാണ് നല്ലതെന്ന തിരിച്ചറിവുണ്ടായി. ആനപാപ്പാൻ ആകാനും ബസ് കണ്ടക്ടറാകാനും തീയേറ്ററിലെ ടിക്കറ്റ് ചെക്കറാകാനും ഒക്കെ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്.