johnpaul

കഥകൾ പറയാനും കേൾക്കാനും ഇഷ്ടമുള്ള ആളായിരുന്നു ജോൺ പോൾ. തന്റെ സുഹൃദ് വലയത്തിൽ ലോകത്തിന് കീഴിലുള്ള എല്ലാ വിഷയങ്ങളെ കുറിച്ചുമുള്ള ചർച്ചകൾ പതിവായിരുന്നുവെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ മരണത്തിന്റെ നിറത്തെ കുറിച്ചുള്ള ചർച്ച വരെ നടത്തിയിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പാണ്. ഭരതനും കലാമണ്ഡലം ഹൈദരാലിയും പവിത്രനും ജോൺപോളും ഒന്നിച്ചിരുന്ന് പല പല വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു. അന്ന് പെട്ടെന്ന് മരണത്തിന്റെ നിറമെന്തായിരിക്കും എന്നൊരു ചോദ്യം വന്നു. തവിട്ട് നിറമായിരിക്കുമെന്നാണ് പവിത്രൻ പറഞ്ഞത്. ഹൈദരാലി പറഞ്ഞു ആട്ട വിളക്കിന്റെ നിറമായിരിക്കുമെന്ന്.

ഇതുവരെ മരിക്കാത്തതു കൊണ്ട് കൃത്യം പറയാൻ കഴിയില്ലെന്ന് ജോൺപോളും പറഞ്ഞു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ഭരതൻ പറഞ്ഞു മരണത്തിന് ഇളം നീല നിറമാകാൻ സാദ്ധ്യതയുണ്ടെന്ന്. അതിന് ഭരതൻ പറഞ്ഞ കാരണം രസകരമായിരുന്നു. മരിച്ചു കഴിഞ്ഞാൽ നമ്മളിങ്ങനെ ആകാശത്തേക്കല്ലേ പോകുന്നത്. അതിൽ ലയിക്കണമെന്നുണ്ടെങ്കിൽ അതിനോട് സാമ്യമുള്ള ഒരു നിറം വേണ്ടേ... ആ ചർച്ചയ്‌ക്കൊടുവിൽ എല്ലാവരും കൂടി ചേർന്നെടുത്ത ഒരു തീരുമാനമുണ്ടായിരുന്നു.

ആരോണോ ആദ്യം മരിക്കുന്നത്,​ അവർ അവിടെ ചെന്നാൽ ടെലിപ്പതിയുടെ കൗണ്ടർ തുറന്നിട്ടുണ്ടെങ്കിൽ മരണത്തിന്റെ നിറം എന്തായിരിക്കുമെന്ന് ബാക്കിയുള്ളവർക്ക് ഉടനേ മെസേജ് അയക്കണമെന്ന്. പക്ഷേ,​ അവിടെ ടെലിപ്പതിയുടെ കൗണ്ടർ തുറന്നിട്ടില്ലെന്നായിരുന്നു ജോൺപോൾ പറഞ്ഞത്. കാരണം താനൊഴികെ മൂന്നു പേരും മരിച്ചിട്ടും തനിക്ക് അങ്ങനെ ടെലിപ്പതി കിട്ടിയില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.