p-sasi-vd-satheesan

കോട്ടയം: എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സിപിഎം നേതാവ് പി ശശി ചുമതലയേറ്റതിന് പിന്നാലെയാണ് ഇത്തരത്തിലൊരു മാറ്റം ഉണ്ടായതെന്നും വിഡി സതീശൻ വിമർശിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റിയതിന് പിന്നിലെ വിവരങ്ങൾ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേറ്റ ശേഷം ആദ്യമായെടുത്ത തീരുമാനമാണിതെന്നും പീഡിപ്പിക്കപ്പെടുന്നവർക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നൽകുന്നവർക്കൊപ്പമാണ് സർക്കാരെന്ന് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എഡിജിപി എസ് ശ്രീജിത്തിനെ നീക്കിയ നടപടിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൻഎസ് നുസൂർ ആരോപിച്ചിരുന്നു.

എസ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കിയാണ് മാറ്റം. ഷേഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. നടിയെ ആക്രമിച്ച കേസും ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവില്‍ നില്‍ക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്ലിനെ തുടര്‍ന്നുള്ള പരാതികളാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്നാണ് സൂചന. ഇതിന് പുറമേ നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ് മുഖേനയാണ് സര്‍ക്കാരിന് പരാതി നല്‍കിയത്.

അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് എഡിജിപി ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതികളെയും ബന്ധുക്കളെയും ക്രൈംബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു, ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അന്വേഷണ സംഘം അപവാദ പ്രചാരണം നടത്തുകയാണ്. ഇതിനുവേണ്ടി അന്വേഷണ സംഘം സായ് ശങ്കറിനെ കൂട്ടുപിടിച്ചു. സായ് ശങ്കറിന് മാദ്ധ്യമങ്ങളെ കാണാന്‍ അവസരമൊരുക്കിയത് എഡിജിപിയുടെ നിര്‍ദേശപ്രകാരമാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.