
സമയമാണ് ത്രിമൂർത്തികൾ. ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും സമയത്തിലുണ്ട്. സൃഷ്ടിക്കുന്നതും നിലനിറുത്തുന്നതും സംഹരിക്കുന്നതും സമയമല്ലാതെ മറ്റൊന്നുമല്ല - സതീന്ദ്രൻ കുറ്റബോധത്തോടെയാണ് അന്ന് തന്റെ വാദഗതികൾ നിരത്തിയത്. വശക്കേടായി ഓഫീസിലോ വീട്ടിലോ യാത്രയ്ക്കിടയിലോ എന്തെങ്കിലും സംഭവിച്ചിരിക്കും. അല്ലെങ്കിൽ സദാ സന്തോഷവാനായി കാണപ്പെടുന്ന സതീന്ദ്രൻ ഇങ്ങനെ അക്ഷമനായി സംസാരിക്കാറില്ലെന്ന് സഹപ്രവർത്തകർ അടക്കം പറഞ്ഞു.
സമയത്തിന് വിത്തിട്ടാലേ അതു മുളയ്ക്കൂ. സമയത്തിന് വെള്ളമൊഴിച്ചാലേ അതു വളർന്ന് വരൂ. ചാഞ്ഞുപോകുന്ന മരം സമയത്തിന് നേരെയാക്കിയില്ലെങ്കിൽ അഥവാ താങ്ങുകൊടുത്തില്ലെങ്കിൽ കടപുഴകി വീഴും. അപ്പോൾ സമയമല്ലേ എല്ലാം നിർണയിക്കുന്നത് - സതീന്ദ്രന്റെ ചോദ്യം മൂർച്ചയുള്ളതായിരുന്നു. ക്ഷുഭിത ഭാഷണത്തിന്റെ കാര്യമെന്തെന്ന് ഓഫീസിലെ ഒരു സഹപ്രവർത്തകൻ ചോദിച്ചപ്പോൾ സതീന്ദ്രൻ ശാന്തനായി. പതിവ് ചിരിയുടെ ഇതളുകൾ തെളിഞ്ഞു. അല്പം ദുഃഖത്തോടെ സ്വന്തം അനുഭവം പങ്കിട്ടു. കെ.എസ്.ആർ.ടി.സിയുടെ കാന്റീനിലാണ് എന്നും ഭക്ഷണം കഴിക്കാൻ പോകുന്നത്. ഒപ്പം ഒന്ന് രണ്ട് സഹപ്രവർത്തകരും കാണും. ഈ യാത്രയിലാണ് വല്ലപ്പോഴും ലോട്ടറി ടിക്കറ്റെടുക്കുന്നത്. രണ്ടുദിവസം മുമ്പ് ഒരു വയസായ സ്ത്രീ ഭക്ഷണം വാങ്ങിക്കൊടുക്കുമോ എന്ന് ചോദിച്ചു. നിഷ്കളങ്കയായ മുഖഭാവം. ജീവിതദുരവസ്ഥയും ഗതികേടും പ്രതിഫലിക്കുന്ന കണ്ണുകൾ.
മരിച്ചുപോയ അമ്മയുടെ സ്ഥാനത്ത് അവരെ സങ്കല്പിച്ചപ്പോൾ കീശയിലേക്ക് കൈനീണ്ടു. ഉൗണിനുള്ള കാശെടുക്കാൻ ഭാവിച്ചപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു എന്റെ കൈയിൽ ചില്ലറയുണ്ട്. അതു കൊടുത്തേക്കാം. വൃദ്ധ അതു വാങ്ങി നന്ദിപൂർവം പുഞ്ചിരിച്ചു. ഉൗണിന് ആ കാശ് തികയില്ലെങ്കിലും ഒരു പരിഭവവുമില്ല. രണ്ടുദിവസം കഴിഞ്ഞ് ഉച്ചയ്ക്ക് ഉൗണിന് പോകുമ്പോൾ വീണ്ടും അവരെ കണ്ടു. അതേ വേഷം. അതേ ഭാവം. ഉൗണിനുള്ള കാശു കൊടുത്തേക്കാം എന്ന് പറഞ്ഞപ്പോൾ കൂടെയുള്ള മറ്റൊരു സുഹൃത്ത് തടഞ്ഞു. ഇവരെ പലേടത്തും കാണാറുണ്ട്. മക്കളൊക്കെ വലിയ നിലയിലാണ്. ഭിക്ഷയാചിക്കേണ്ട ഒരു കാര്യവുമില്ല. ഈ കാണിക്കുന്നതെല്ലാം പറ്റിപ്പാ. കീശയിലേക്ക് നീണ്ട കൈ പിൻവലിച്ചു. അപ്പോഴും വൃദ്ധയുടെ മുഖത്ത് ചിരിയുണ്ടായിരുന്നു. ഇന്നുച്ചയ്ക്ക് കാന്റീനിലേക്ക് പോയപ്പോൾ അവരെ കണ്ടില്ല. മറ്റെവിടെയെങ്കിലും പോയിരിക്കും എന്നാണ് കരുതിയത്. കാന്റീനിന്റെ വരാന്തയുടെ അറ്റത്ത് ആ സ്ത്രീയുടെ മുഷിഞ്ഞ മേൽമുണ്ടിന്റെ ഒരറ്റം കണ്ടു. കുറ്റബോധത്തോടെ അതിൽ നോക്കി നിൽക്കുമ്പോൾ നിർവികാരനായി കാന്റീൻ മാനേജർ പറഞ്ഞു: അത് ആ സ്ത്രീയുടെ വസ്ത്രമാ. ഒരു മണിക്കൂർ മുമ്പ് കുഴഞ്ഞുവീണു. ഏതോ സന്നദ്ധ സംഘടനയുടെ ആംബുലൻസ് വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷപ്പെടുന്ന കാര്യം സംശയമാ. പോക്കറ്റിലെ പേഴ്സിൽ ഒരു കരിങ്കല്ലിരിക്കും പോലെ. നാണയങ്ങൾ കുപ്പിച്ചില്ലുപോലെ പേഴ്സ് തുളച്ച് ശരീരത്തിൽ തറയ്ക്കും പോലെ. ഇന്നിനി ഉറക്കം വരില്ല. ചെയ്തത് നെറികേടോ മനുഷ്യപ്പറ്റില്ലായ്മയോ? സതീന്ദ്രൻ നെടുവീർപ്പിട്ടു. ആ നെടുവീർപ്പൊഴിഞ്ഞ ശാന്തതയിൽ അയാൾ തുടർന്നു: സമയത്തിന് കിട്ടുന്ന മഴ പൂമഴ. സമയത്തിന് കിട്ടുന്ന ആഹാരം അമൃത്. സമയത്തിന് കിട്ടാത്തതും കൊടുക്കാത്തതുമായ സ്നേഹമല്ലേ ശാപം.
(ഫോൺ: 9946108220)