ചന്ദ്രനിൽ കാലുകുത്തിയ ശാസ്ത്ര യുഗത്തിലും ദൈവത്തിൽ വിശ്വസിക്കണോ എന്നാണ് പുരോഗമനവാദികളായ ചിലർ ചോദിക്കുന്നത്.
ച ന്ദ്രനിലേക്ക് ആളിനെ പറഞ്ഞയക്കാൻ കഴിയുന്ന എന്നെപ്പോലുള്ള പല ശാസ്ത്രജ്ഞരും ദൈവത്തിൽ വിശ്വസിക്കുന്നവരാണ്-
എെ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻനായർ പറയുന്നു
മഹാകാളികായാഗത്തിന്റെ ശാസ്ത്രീയതയെ കുറിച്ച് സംസാരിക്കുകയാണ് ഐ.എസ്.ആർ.ഒയുടെ മുൻ ചെയർമാനായ ജി.മാധവൻ നായർ. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂരിലെ ചാവടിനടയിലുള്ള പൗർണ്ണമിക്കാവിലാണ് മേയ് ആറു മുതൽ 16 വരെ മഹാകാളികായാഗം നടക്കുന്നത്.ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ യശസ് വാനോളമുയർത്തിയ പല ദൗത്യങ്ങൾക്കും നേതൃത്വം നൽകിയ,1998ൽ പദ്മഭൂഷണും 2009ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനായ ജി.മാധവൻ നായർ ആത്മീയതയും ശാസ്ത്രീയതയും സമരസപ്പെടുന്നതിനെ കുറിച്ച് സംസാരിക്കുന്നു.
'ഓം" വന്ന വഴിയും
ഭാരതീയ ആത്മീയതയും
ഈ പ്രപഞ്ചം വലിയൊരു ശൂന്യതയായിരുന്നു.ഈ ശൂന്യതയിൽ നിന്നാണ് ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പ് 'ബിഗ്ബാംഗ് " ഉണ്ടായത്.ബിഗ്ബാംഗിലൂടെയാണ് കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും സൃഷ്ടിക്കപ്പെട്ടത്.
ഈ കാണുന്ന പ്രപഞ്ച സൃഷ്ടിക്ക് കാരണമായ ബിഗ്ബാംഗിന്റെ ശബ്ദം 'ഓം" എന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.സൂര്യന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് രശ്മികൾ പുറപ്പെടുന്നത് 'ഓം" എന്ന ഹുങ്കാര ശബ്ദത്തോടെയാണെന്നും ശാസ്ത്രം കണ്ടെത്തി.ഇവിടെയാണ് ഭാരതത്തിന്റെ ഋഷീശ്വരൻമാരുടേയും ആത്മീയതയുടേയും മഹത്വം മനസിലാക്കേണ്ടത്.ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ 'ഓം" എന്ന ശബ്ദത്തെ മന്ത്രമായി കണ്ട മനീഷികളാണ് ഭാരതത്തിലെ സന്യാസികൾ.'ഓം" എന്ന പരബ്രഹ്മമാണ് ഭാരതീയ ആത്മീയതയുടെ അടിത്തറ.
ഒരു ശാസ്ത്ര സാങ്കേതികതയും ഇല്ലാതിരുന്ന അക്കാലത്തെ ഋഷിമാർ കണ്ടെത്തിയ സൗരയൂഥ കണക്കുകളും ഇന്നത്തെ ആധുനിക കമ്പ്യൂട്ടറുകൾ കണ്ടെത്തിയ സൗരയൂഥ കണക്കുകളും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്.ഇന്ത്യയിലെ ഋഷിമാർ കണ്ടെത്തിയ നവഗ്രഹങ്ങളിൽ നിന്നാണ് ലോകരാജ്യങ്ങൾ ബഹിരാകാശ പഠനം തുടങ്ങിയത്.ഇന്നും നവഗ്രഹങ്ങളെ ചുറ്റിപ്പറ്റിയാണ് ബഹിരാകാശ പഠനം നടക്കുന്നത്.ഗ്രഹങ്ങളുടെ സഞ്ചാരവും അകലവും വലിപ്പവും സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഭാരതത്തിലെ സന്യാസിമാർ എങ്ങനെയാണ് ഇത്ര കൃത്യമായി കണ്ടെത്തി എന്നുള്ളത് നാസയ്ക്കു പോലും അതിശയമാണ്.ഇന്ത്യയിലെ സന്യാസിമാർ കണ്ടെത്തിയ ശാസ്ത്ര സത്യങ്ങൾ ശരിയാണോ എന്നറിയാനുള്ള പരീക്ഷയും പരീക്ഷണങ്ങളുമാണ് ആധുനിക സയൻസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ആലങ്കാരികമായി പറയാം.ഉദാഹരണത്തിന്,
ചന്ദ്രനിൽ ജലത്തിന്റെ സാന്നിദ്ധ്യം 'ചന്ദ്രയാൻ" സ്ഥിരീകരിക്കുന്നതിന് മൂവായിരം വർഷങ്ങൾക്ക് മുമ്പേ ചന്ദ്രനിലും ചൊവ്വയിലും ജലത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് ഇന്ത്യയിലെ ഋഷിമാർ പറഞ്ഞിട്ടുണ്ട്.
മനസ് ഇല്ലാതെ മനുഷ്യൻ ഇല്ലാത്തതു പോലെയാണ് ദൈവമില്ലാത്ത പ്രപഞ്ചവും.അരൂപിയായ മനസ് ശരീരത്തെ നിയന്ത്രിക്കുന്നതു പോലെയാണ് അരൂപിയായ ദൈവം പ്രപഞ്ചത്തേയും നിയന്ത്രിക്കുന്നത്. ശൂന്യതയിൽ നിന്ന് ഭൂമിയുൾപ്പെടുന്ന പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവത്തിന്റെ അദൃശ്യ സാന്നിദ്ധ്യമാണ്.
പ്രപഞ്ചത്തെ കുറിച്ച് ആധുനിക ശാസ്ത്രം ഇന്നും പൂർണ്ണമായി പഠിച്ചിട്ടില്ല.ശാസ്ത്ര ലോകം കണ്ടതിന്റെ എത്രയോ ഇരട്ടി ഇന്നും ഇരുട്ടിലാണ്.അപൂർണ്ണമായ,ഇരുട്ടിൽ മുങ്ങിയ, കണ്ടെത്താൻ കഴിയാത്ത പ്രപഞ്ചത്തിനെ ശാസ്ത്രം വിളിക്കുന്നത് ദൈവത്തിന്റെ ഭാഗമെന്നാണ്.മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയ ശാസ്ത്ര യുഗത്തിലും ദൈവത്തിൽ വിശ്വസിക്കണോ എന്നാണ് പുരോഗമനവാദികളായ ചിലർ ചോദിക്കുന്നത്.ചന്ദ്രനിലേക്ക് ആളിനെ പറഞ്ഞയക്കാൻ കഴിയുന്ന എന്നെ പോലുള്ള പല ശാസ്ത്രജ്ഞരും ദൈവത്തിൽ വിശ്വസിക്കുന്നവരാണ്.
മഹാകാളികായാഗം
ദക്ഷന്റെ കാലം മുതൽ തുടങ്ങിയ യാഗങ്ങൾ രാമായണ കാലത്തെ പുത്രകാമേഷ്ടി മുതലാണ് സർവസാധാരണമായത്.
മനുഷ്യശരീരത്തിന്റെ യൗവ്വനം നിലനിർത്താനായി കായകൽപ ചികിത്സ നടത്തുന്നതു പോലെ പ്രകൃതിയുടെ ആരോഗ്യത്തിനു വേണ്ടി നടത്തുന്ന ചികിത്സയാണ് യാഗങ്ങൾ.ആരോഗ്യമുള്ള പ്രകൃതിയിലേ ശുദ്ധിയുള്ള അന്തരീക്ഷമുണ്ടാകൂ.ശുദ്ധിയുള്ള അന്തരീക്ഷത്തിലേ ശുദ്ധമായ വായു സഞ്ചരിക്കൂ.ശുദ്ധമായ വായു ശ്വസിച്ചാലേ ആരോഗ്യമുള്ള മനുഷ്യനും മനസുമുണ്ടാകൂ.
ഒരു പച്ചരി ശുദ്ധമായ നെയ്യിൽ മുക്കി കത്തിച്ചാൽ രണ്ടര സെന്റീമീറ്റർ വ്യാസത്തിലുള്ള വായു ശുദ്ധീകരിക്കപ്പെടും.ഒരു ഗണപതിഹോമം നടത്തുമ്പോൾ ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള അന്തരീക്ഷ വായു ശുദ്ധീകരിക്കപ്പെടും.വർഷങ്ങൾ ഏകാഗ്രതയോടെ തപസും മനനവും ചെയ്താണ് മഹർഷിമാർ മന്ത്രങ്ങൾ കണ്ടെത്തിയത്.പല സന്യാസിമാരും,പല സമയത്തും,പല സ്ഥലത്തും കൊടും തപസ് ചെയ്ത് നേടിയ അറിവുകളെ പിന്നീട് കൂട്ടായി ചർച്ച ചെയ്താണ് യാഗങ്ങളും ഹോമങ്ങളും ഫലശ്രുതിയും തലമുറകൾക്കായി പകർന്നത്.അനേകം പേരുടെ അനേക വർഷത്തെ തപസിദ്ധിയെ അന്ധവിശ്വാസമായി ചിത്രീകരിക്കുന്നത് അബദ്ധമാണ്.തെറ്റും ശരിയും കൂടിക്കലർന്നതാണ് അന്നത്തേയും എന്നത്തേയും കണ്ടുപിടിത്തങ്ങൾ.നമ്മൾ ശരിയെ മാത്രം സ്വീകരിക്കുക.തെറ്റിനെ തിരസ്കരിക്കുക.ശാസ്ത്രം പറയുന്ന നെഗറ്റീവ് എനർജിയും പോസിറ്റീവ് എനർജിയുമാണ് ഋഷിമാർ കണ്ടെത്തിയ പൈശാചിക ശക്തിയും ദൈവീക ശക്തിയും.മഹർഷിമാർ മനനം ചെയ്ത് കണ്ടെത്തിയ മന്ത്രങ്ങളിലൂടെ മനുഷ്യന്റെ മനസിലും പ്രകൃതിയിലുമുള്ള പൈശാചിക ശക്തികളെ അകറ്റി ദൈവീക ശക്തികളാക്കാൻ കഴിയും.
യാഗങ്ങളുടെ യാഗം മഹാകാളിയാഗം
ബിഗ്ബാംഗിലൂടെ രൂപമെടുത്ത ഭൂമി പന്ത്രണ്ട് ലക്ഷത്തോളം വർഷങ്ങളെടുത്താണ് തണുത്തുറഞ്ഞത്.ശൂന്യമായിരുന്ന ഈ ഭൂമിയിൽ ജീവന്റെ തുടിപ്പുണ്ടായത് അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ്.ഊർജ്ജം പ്രവഹിക്കുന്ന ശിവനേയും കാളിയേയും സങ്കല്പിച്ചാണ് 'മഹാകാളികായാഗം" നടത്തുന്നത്.കലികാല രക്ഷകയാണ് കാളീസങ്കല്പം.ഈ കലികാലത്ത് മഹാമാരികളിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ മാതൃഭാവത്തിലുള്ള കാളീ സങ്കൽപ്പത്തിന് മാത്രമേ കഴിയൂ.ഓരോ നൂറ്റാണ്ടിലും ഓരോ മഹാമാരികൾ വരുന്നത് പ്രകൃതിയുടെ നിയമമാണ്.അതിൽ നിന്ന് നാടിനെ രക്ഷിക്കാൻ നടത്തുന്ന 'ആത്മീയ ചികിത്സ"യാണ് മഹാകാളികായാഗം.കൊവിഡ് ബാധിച്ചയാൾ രോഗമുക്തനായ ശേഷം അയാളുടെ വീട് അണുനശീകരണി ഉപയോഗിച്ച് വൃത്തിയാക്കുന്നതു പോലെയാണ് മഹാകാളികായാഗത്തിലൂടെ നാടിനെ വൃത്തിയാക്കുന്നത്.പണ്ടു കാലങ്ങളിൽ വസൂരി പോലുള്ള രോഗങ്ങൾ പടരുന്ന മാസങ്ങളിലാണ് കൊയ്ത്തു കഴിഞ്ഞ വയലുകളിൽ പച്ചോല പന്തല് കെട്ടി കാളീ പൂജ നടത്തിയിരുന്നത്.പൂജയിൽ നിന്നുയരുന്ന ധൂമത്തിലൂടെ അണുക്കളെ നശിപ്പിച്ച് അന്തരീക്ഷ ശുദ്ധിയും മന്ത്രങ്ങളിലൂടെ ഭക്ത മനസുകളിൽ ആത്മവിശ്വാസവും വരുത്തിയിരുന്നു.

അത്തരം കാളീ പൂജകളുടെ ഏറ്റവും വലിയ ആത്മീയഭാവമായ മഹാകാളികായാഗത്തിലൂടെ പ്രകൃതിയെ ശുദ്ധീകരിച്ച് ജീവജാലങ്ങളെ രക്ഷിക്കാൻ കഴിയും.നല്ല വായു ശ്വസിക്കുമ്പോഴാണ് നല്ല മനസുകൾ ഉണരുന്നത്.
നല്ല മനസുകൾ ഉണരുമ്പോഴാണ് നല്ല ചിന്തകൾ ഈണ്ടാകുന്നത്. നല്ല ചിന്തകൾ ഉണ്ടാകുമ്പോഴാണ് നാട്ടിൽ സമാധാനവും ഐശ്വര്യവും വർദ്ധിക്കുന്നത്.പൗർണ്ണമിക്കാവിൽ നടക്കുന്ന മഹാകാളികായാഗത്തിൽ ഇന്ത്യയിലെ 51 ശക്തിപീഠങ്ങളിൽ നിന്നുള്ള ആചാര്യൻമാരാണ് നേതൃത്വം നൽകുന്നത്.പത്തു ദിവസം തുടർച്ചയായി ഹോമകുണ്ഡത്തിൽ അർപ്പിക്കുന്ന ആയുർവേദ ഔഷധങ്ങളും ഹോമദ്രവ്യങ്ങളും എരിഞ്ഞടങ്ങുന്ന പുക അന്തരീക്ഷ ശുദ്ധീകരണത്തിന് ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.ഒരേ മനസോടെ ഏകാഗ്രതയോടെ മന്ത്രങ്ങൾ ജപിക്കുന്നത് കാണുന്നവർക്കും കേൾക്കുന്നവർക്കും മാനസികമായ ഉന്മേഷവും ഉല്ലാസവും അനുഭവപ്പെടും. മന്ത്രങ്ങൾക്കും ചൊല്ലുന്ന ഈണങ്ങൾക്കും മുദ്രകൾക്കും വരെ വളരെ പ്രാധാന്യമുണ്ട്.
വരമൊഴി വശമില്ലാതിരുന്ന വാമൊഴിക്കാലം മുതൽ ഇന്നും ഇത്തരം യാഗങ്ങൾ തുടരുന്നത് നന്മയും മേന്മയും ശക്തിയും നേട്ടവും ഉള്ളതു കൊണ്ടാണ്.
യുക്തിയും ഭക്തിയും ചേരുന്നതാണ് ജീവിതം.എല്ലാം തെളിയിച്ചു കാണിക്കൂ എന്ന് വെല്ലുവിളിക്കുന്നതിൽ അർത്ഥമില്ല.അങ്ങനെയാണെങ്കിൽ സൂക്ഷ്മരൂപത്തിലെങ്കിലും മനസ് എന്ന അവയവത്തെ കണ്ടതിന് ശേഷം മാത്രമേ മനസിനെ കുറിച്ച് സംസാരിക്കാൻ കഴിയൂ.
മഹാകാളികായാഗത്തിന്റെ വലിയൊരു ഫലശ്രുതിയാണ് പിതൃമോക്ഷം. കാലഭൈരവ ഹവനം നടത്തുന്നതിലൂടെ പതിനാറ് തലമുറയുടെ പിതൃഋണം മാറി പിതൃമോക്ഷത്തിലെത്തും.പര ലോകത്ത് അലയുന്ന ആത്മാവിന്റെ ശാന്തിയിലൂടെയാണ് ഇഹലോകത്ത് ജീവിക്കുന്നവരുടെ സ്വസ്ഥതയും സമാധാനവും നിലനിൽക്കുന്നതെന്നാണ് ആത്മീയത പറയുന്നത്.
മഹാകാളികായാഗത്തിലെ കാലഭൈരവ ഹവനത്തിൽ പങ്കെടുക്കുന്നവർ നേടുന്നത് പതിനാറ് തലമുറയുടെ പിതൃമോക്ഷ പുണ്യമാണ്.
ശിവഭഗവാന്റെ അഞ്ചാമത്തെ അവതാരമായി കരുതുന്ന അഘോരി സന്യാസിമാരുടെ സാന്നിദ്ധ്യമാണ് മഹാകാളികാ യാഗത്തിന്റെ മറ്റൊരു സവിശേഷത.ശിവനിൽ ലയിച്ച്, ശിവനായി മാറി,ശിവനായി ജീവിക്കുന്ന,സ്വയം കഠിനത ഏറ്റുവാങ്ങി സന്യാസിമാരായ അഘോരികൾ ആദ്യമായാണ് കേരളത്തിൽ വരുന്നത്.എന്തിലും ഏതിലും വിവാദം കണ്ടെത്തുന്നതാണ് മലയാളിയുടെ പുതിയ രീതി.അവനവന് ഇഷ്ടപ്പെടാത്തതെല്ലാം മറ്റുള്ളവരും വെറുക്കണമെന്നും എതിർക്കണമെന്നും ചിന്തിക്കുന്നതു കൊണ്ടാണ് യാഗങ്ങളേയും ഹോമങ്ങളേയും അഘോരിമാരേയും ചിലർ അന്ധമായി കുറ്റപ്പെടുത്തുന്നത്.പൗർണ്ണമിക്കാവിൽ മഹാകാളികായാഗം നടത്തുന്നത് നാടിന്റെ നന്മക്ക് വേണ്ടിയാണ്.മനുഷ്യ മനസിനെ ഉണർത്താനാണ്.പ്രകൃതിയുടെ താളം നിലനിർത്താനാണ്.കാലം തെറ്റാതെ കാലാവസ്ഥയുടെ ഋതുഭേദങ്ങൾ വന്നുപോകാനാണ്.പിതൃമോക്ഷം കിട്ടാനാണ്.
ഒരേ സമയം ഇഹലോകത്തെ മനുഷ്യരുടേയും പരലോകത്തെ ആത്മാക്കളുടേയും പൂർണ്ണതയ്ക്കായി നടത്തുന്ന വലിയൊരു പുണ്യപ്രവൃത്തിയാണ് മഹാകാളികായാഗം.