ഈ അവധിക്കാലത്ത് ഒരു പുതിയ ഭാഷ പഠിച്ചാലോ?അല്ലെങ്കിൽ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിന്ചേർന്നാലോ? സൗജന്യമായി
ഇതെല്ലാം ചെയ്യാൻ ഇന്ന് ഒരു സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ഷനും മതി

ഉമക്കുട്ടി
പ്രിയപ്പെട്ട കൂട്ടുകാരേ..ഞാൻ ഉമക്കുട്ടി.
ഒരു കുഞ്ഞു വൈറസിനുമുന്നിൽ ലോകം മുഴുവൻ പകച്ചുനിന്ന കാലത്തെ അതിജീവിച്ചുവരികയാണല്ലോ നമ്മൾ.കൊവിഡ് പ്രതിസന്ധിമൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കാലം മുഴുവൻ നമ്മൾ വീടുകളിൽ സുരക്ഷിതരായിരുന്ന് ഓൺലൈൻ വഴിയാണ് പാഠങ്ങളെല്ലാം പഠിച്ചത് . പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് നമ്മളെ കാത്തിരിക്കുന്ന മികവിന്റെ വിദ്യാലയങ്ങളിലേക്ക്,അദ്ധ്യാപകരുടെ കരുതലിലേക്ക്,കൂട്ടുകാരുടെ കളിചിരികളിലേക്ക് ചിരിച്ചുകൊണ്ട് മടങ്ങിച്ചെല്ലാൻ സാധിച്ചതാണ് നമ്മുടെ ഏറ്റവും വലിയ സന്തോഷം.ഇപ്പോൾ പല കൂട്ടുകാരും അവധിക്കാല ക്യാമ്പുകളിൽ അടിച്ചുപൊളിക്കുകയാകും അല്ലേ?എന്റെ നാട്ടിൽ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം കളിച്ചും ചിരിച്ചും മാമ്പഴം തിന്നും ഊഞ്ഞാലാടിയും അവധി ആഘോഷിക്കുകയാണ് ഞാൻ.ഇപ്പോഴും വീടുകളിൽ നിന്ന് പുറത്തിറങ്ങാനാകാതെ മൊബൈലിലും ടാബുകളിലും മാത്രം കളിക്കേണ്ടിവരുന്നവരും ഉണ്ടാകും അല്ലേ?അവർക്കായി വിനോദവും വിജ്ഞാനവും പകരുന്ന ചില ചാനലുകളും ഓൺലൈൻ ഇടങ്ങളും പരിചയപ്പെടുത്താനാണ് ഈ കത്ത്.ലോകപ്രശസ്ത ചാനലായ ഫൈവ് മിനുട്സ് ക്രാഫ്റ്റ്സ് കൂട്ടുകാർക്കെന്നതുപോലെ എനിക്കും പ്രിയപ്പെട്ടതാണ്.രസകരവും വിജ്ഞാനപ്രദവുമായ എത്രയെത്ര സൂത്രപ്പണികളാണ് ആ ചാനലിൽ അല്ലേ?വീട്ടിൽ തന്നെ ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുള്ള ഇത്തരം പരീക്ഷണങ്ങൾ നമുക്കും ചെയ്തുനോക്കാവുന്നതേയുള്ളൂ.
ടോണി ആർട്ട് ആന്റ് ക്രാഫ്റ്റ്സ്,ടോണി ക്യൂട്ട് ഐഡിയാസ് എന്നീ ചാനലുകളിലും ഇതുപോലെ ആയിരക്കണക്കിന് സൂത്രവിദ്യകളുണ്ട്.ഇനി ഇതിലൊന്നും ഇല്ലാത്ത സൂത്രപ്പണികൾ കൂട്ടുകാർക്ക് അറിയാമോ?എങ്കിൽ സ്വന്തമായി ഒരു ചാനൽ തുടങ്ങാനും ഇതാണ് അവസരം.വീട്ടിൽ ബോറടിച്ചിരിക്കുമ്പോൾ ഇത്തിരി പാചകമായാലോ?ലിറ്റിൽ ഷെഫ് കിച്ച എന്നറിയപ്പെടുന്ന നിഹാൽ രാജിന്റെ കിച്ച ട്യൂബ് എന്ന ചാനലിലെ റെസിപ്പികൾ പരീക്ഷിക്കാം.നാലാം വയസ്സിൽ തന്നെ ചാനൽ തുടങ്ങുകയും പ്രസിദ്ധ അമേരിക്കൻ ടെലിവിഷൻപരിപാടിയായ എലൻ ഷോയിൽ നമ്മുടെ പുട്ട് ഉണ്ടാക്കിക്കാണിച്ച് രാജ്യാന്തരപ്രസിദ്ധിനേടിയ മിടുക്കനാണ് കിച്ച.ചിത്രം വരയ്ക്കാൻ നമുക്കെല്ലാവർക്കും ഇഷ്ടമല്ലേ?ഭംഗിയും മിഴിവുമുള്ള കുട്ടിത്തം നിറഞ്ഞ ചിത്രങ്ങൾ എളുപ്പത്തിൽ വരക്കാൻ ഡ്രോ സൊ ക്യൂട്ട് എന്ന ചാനൽ പഠിപ്പിക്കും.കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനാകും വിധം ഘട്ടം ഘട്ടമായി വരയ്ക്കാൻ പഠിപ്പിക്കുന്നതാണ് പ്രത്യേകത.ഇനി വൈകേണ്ട.പേപ്പറും പെൻസിലും നിറങ്ങളും എടുത്ത് വര തുടങ്ങാം.നിറങ്ങളും മറ്റും കൈയിലില്ലാത്തവരും വിഷമിക്കേണ്ട.പേപ്പറുകൾ വിവിധ രീതിയിൽ മടക്കി മൃഗങ്ങളേയും കളിപ്പാട്ടങ്ങളും നിർമ്മിക്കുന്ന ഒറിഗാമി പഠിക്കാം.ഡോക്ടർ ഒറിഗാമി,ഒറിഗാമി ഗാലക്സി എന്നീ ചാനലുകളിൽ ആയിരിക്കണക്കിന് കടലാസ് രൂപങ്ങളാണ് ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്നത്.സാധനങ്ങളും മറ്റും പൊതിഞ്ഞുകൊണ്ടുവരുന്ന വർണ്ണക്കടലാസുകൾ ഉപയോഗിച്ച് മനോഹരങ്ങളായ കളിപ്പാട്ടങ്ങൾ നിർമ്മിക്കാം.സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാർക്ക് സമ്മാനിക്കുകയും ചെയ്യാം. അപകടകരമായ ഓൺലൈൻ ഗെയിമുകൾ കളിച്ച് സമയം കൊല്ലുന്നതിനുപകരം ഓൺലൈൻ ഇടം ക്രിയേറ്റീവ് ആയി ഉപയോഗിച്ച കുട്ടികളുടെ വിശേഷങ്ങൾ അറിയാം.ലോകപ്രശസ്ത ചാനലായ റയാൻസ് വേൾഡിലെ കളിപ്പാട്ടങ്ങളുടെ വിശേഷങ്ങൾ അറിയാം. മൈ മിസ് ആനന്ദിലൂടെ പ്രസിദ്ധയായ ആനന്ത്യ ആനന്ദ് ,വണ്ടർ ഗേൾ ആയറ്റ് എന്ന ചാനലിലെ പാട്ടുകളിലൂടെ പ്രശസ്തയായ ആയറ്റ് ഷെയ്ക്ക് എന്നിവരെല്ലാം മാതൃകയാണ്.ഈ അവധിക്കാലത്ത് ഒരു പുതിയ ഭാഷ പഠിച്ചാലോ?
അല്ലെങ്കിൽ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിന് ചേർന്നാലോ?സൗജന്യമായി ഇതെല്ലാം ചെയ്യാൻ ഇന്ന് ഒരു സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ഷനും മതി. ആർക്കും എവിടെയും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്ന സന്ദേശത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഖാൻ അക്കാദമിയിലെ ക്ലാസുകളും ഉപകാരപ്പെടും. സ്കൂൾ തുറന്നാൽ കേരള സിലബസിലെ അഞ്ച്,ആറ്,ഏഴ് ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടേയും ക്ലാസുകൾ എന്റെ ചാനലായ ഉമക്കുട്ടിയിലും ഉണ്ടാകും.എല്ലാ കൂട്ടുകാർക്കും നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.മാസ്കുകൾ കൊണ്ട് മറയ്ക്കപ്പെട്ട കുട്ടികളുടെ പുഞ്ചിരി വീണ്ടെടുക്കുന്നതാകട്ടെ അടുത്ത അദ്ധ്യയന വർഷം എന്ന പ്രതീക്ഷയോടെ നിർത്തുന്നു.
സ്നേഹപൂർവ്വം,ഉമക്കുട്ടി.
(കൊവിഡ് കാലത്ത് ആരംഭിച്ച ഉമക്കുട്ടി എന്ന വിദ്യാഭ്യാസ യൂടൂബ് ചാനൽ നടത്തിയ,സംസ്ഥാന തല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഉമ.)