
അമൽ നീരദ്
ഡയലോഗ് വന്നത് മഹാരാജാസ് കാലത്തെ ഓർമ്മകളിൽ നിന്നെന്ന് അമൽ നീരദ്
സോഷ്യൽ മീഡിയ നോക്കിയാൽ എവിടെയും ചാമ്പിക്കോ ...തരംഗമാണ്. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വം എന്ന സിനിമയിൽ കുടുംബാംഗങ്ങളോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാനിരിക്കുന്ന മമ്മൂട്ടിയുടെ സ്റ്റൈലിഷ് പെർഫോമൻസ് അനുകരിക്കാൻ യുവതലമുറയും മുതിർന്ന തലമുറയും മത്സരിക്കുകയാണ്.കുടുംബാംഗങ്ങൾ നേരത്തെ വന്നിരിക്കുന്നു.നടുവിലെ സീറ്റിലേക്ക് ഒടുവിൽ മമ്മൂട്ടിവന്ന് ഇരുന്നിട്ട് ഫോട്ടോഗ്രാഫറോട് ചാമ്പിക്കോ എന്ന് കൈയുയർത്തി പറയുകയാണ്. ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഇത് ചെയ്യുന്നത്. സിനിമയിലെ പശ്ചാത്തലസംഗീതം അതുപോലെ പകർത്തിയാണ് അനുകരണങ്ങൾ തകർത്തു മുന്നേറുന്നത്.അതിനിടെ ക്രൈസ്തവ സഭയിലെ അഭിവന്ദ്യനായ ഒരു തിരുമേനിയുടെ ചിത്രവും ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കൂട്ടുകാർ മാത്രമല്ല ,കുടുംബാംഗങ്ങളും ഒത്തുചേർന്ന് 'ചാമ്പിക്കോ" പ്രയോഗം ആഘോഷമാക്കുകയാണ്.രാഷ്ട്രീയക്കാർ പോലും ചാമ്പിക്കോ പ്രയോഗത്തിലാണിപ്പോൾ.കണ്ണൂരിൽ ഭക്ഷണശാലകളിൽ ചിക്കൻ വിഭവങ്ങൾ ചാമ്പിക്കോപ്രയോഗത്തിലൂടെയാണ് വിതരണം ചെയ്യുന്നത്. സമീപകാലത്ത് ഒരു സിനിമ ഡയലോഗും ഇത്രയും ജനപ്രീതി കൈവരിച്ചിട്ടില്ല. എങ്ങനെയാണ് ഈ ഡയലോഗ് സിനിമയിൽ വന്നത്.സംവിധായകനായ അമൽ നീരദിനോട് തന്നെ ചോദിക്കാം.
ചാമ്പിക്കോ തകർത്തല്ലോ.എങ്ങനെയാണ് ഈ ഡയലോഗിലേക്ക് വന്നത് ?
ശരിക്കും സ്ക്രിപ്റ്റിൽ ഉള്ള ഒരു ഡയലോഗായിരുന്നില്ല.ഷൂട്ട് സമയത്ത് എനിക്ക് തോന്നിയ ഒരു ഇംപ്രവൈസേഷനാണ്.മമ്മൂക്കയോട് പറഞ്ഞു .അദ്ദേഹം ചെയ്തു.സംഘട്ടന രംഗവും ഫോട്ടോയെടുപ്പും കട്ട് ചെയ്ത് കാണിക്കുന്ന രംഗമാണല്ലോ.അപ്പുറത്ത് ചാമ്പുകയാണ്.അപ്പോൾ ഇപ്പുറത്ത് ഫോട്ടോയെടുപ്പുമായി കണക്ട് ചെയ്തപ്പോൾ മാച്ചായി.
ചാമ്പിക്കോ എന്ന പ്രയോഗം എങ്ങനെ കിട്ടി?
അത് വളരെ പഴയ ഒരു പ്രയോഗമാണ്.ഞങ്ങളൊക്കെ എറണാകുളം മഹാരാജാസിൽ പഠിക്കുമ്പോൾ പൊതുവെ പറഞ്ഞിരുന്ന ഡയലോഗാണത്.
എന്ത് കാര്യത്തിനൊക്കയാണ് ?
ഏത് കാര്യത്തിനും ഓ.കെയല്ലേ. കലാലയത്തിൽ അടിയൊക്കെ നടക്കുമ്പോൾ അവനിട്ട് ഒരു ചാമ്പ് ചാമ്പിക്കോ എന്നൊക്കെ പറയാറില്ലേ...അതു തന്നെ.ഇന്നത്തെ തലമുറയ്ക്ക് അറിയില്ലായിരിക്കും.
ചാമ്പിക്കോ പ്രയോഗത്തിന് ഇത്രയും റീച്ച് പ്രതീക്ഷിച്ചിരുന്നോ?
ഒരിക്കലുമില്ല.
ഭീഷ്മപർവ്വം വൻഹിറ്റായല്ലോ.നല്ല സിനിമയെന്ന് കണ്ടവരെല്ലാം പറയുന്നു?
സന്തോഷം.
ഫ്രാൻസിസ് ഫോർഡ് കാപ്പോളയുടെ ഗോഡ്ഫാദറാണോ പ്രചോദനം.മമ്മൂട്ടിയുടെ മൈക്കിൾ എന്ന കഥാപാത്രം പോലെ അൽ പാച്ചിനോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും മൈക്കിൾ എന്നായിരുന്നു.?
ഗോഡ് ഫാദറിന്റെ പ്രചോദനം ഉണ്ട് . ചിത്രത്തിൽ തന്നെ കാപ്പോളയ്ക്കും മരിയോ പൂസോയ്ക്കും നന്ദി എഴുതിക്കാണിക്കുന്നുണ്ട്.
മമ്മൂട്ടി എന്ന നടന് ബിഗ് ബിയിലും ഭീഷ്മപർവ്വത്തിലും താങ്കൾ നൽകിയ വേഷം അവിസ്മരണീയമാണ്.മമ്മൂട്ടിയിലെ നടനെക്കുറിച്ച് എന്തു പറയുന്നു?
എനിക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത കരിയറുള്ള ആക്ടറാണ്.കരിയറും കരിയർഗ്രാഫുമുള്ള നടനാണ്.ഒരുപാട് സിനിമകളുടെ ഫിലിമോഗ്രാഫിയുമുള്ള ഒരു ആക്ടർ.ഞാൻ അദ്ദേഹവുമായി രണ്ട് സിനിമകളെ ആയിട്ടുള്ളു.

മമ്മൂട്ടിയുമായി ഇനി സിനിമകൾ ?
ചെയ്യണമെന്ന് നിശ്ചയമായി ആഗ്രഹമുണ്ട്.ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ടി.വി.ജയിംസ് എന്ന കഥാപാത്രത്തെക്കുറിച്ച് മുൻ എം.പി.കെ.വി.തോമസിന്റെ മകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.പ്രതികരിക്കുന്നുണ്ടോ?
ഒരിക്കലുമില്ല.സിനിമ തുടങ്ങുമ്പോൾ തന്നെ ഡിസ്ക്ളെയിമർ വ്യക്തമായി എഴുതിക്കാണിക്കുന്നുണ്ടല്ലോ.ജീവിച്ചിരിക്കുന്നവരുമായിട്ടോ അല്ലാതെയോ കഥാപാത്രങ്ങളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.അത്രയും ചെയ്തിട്ട് പിന്നെ ആരെയെങ്കിലും പോലെയിരിക്കുന്നുവെന്ന് പറഞ്ഞാൽ അതേക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ല.
( സംവിധായകൻ അമൽ നീരദുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ നിന്ന് )