
ലോകമലയാള സമ്മേളനത്തിന് അമേരിക്കയിൽപ്പോയപ്പോഴുള്ള അനുഭവമാണിത്. സാധാരണ ഫോറിൻ ട്രിപ്പ് പോകുമ്പോൾ മീറ്റിംഗുകളൊക്കെ അറ്റന്റ് ചെയ്യുന്നതിന് അവർ നമ്മൾക്ക് പൈസ തരും . ഈ യാത്രയിൽ പൈസയൊന്നും കിട്ടില്ല ഫസ്റ്റ് ക്ലാസ് യാത്രയും താമസസൗകര്യവും മാത്രം.അന്ന് കൂടെയുണ്ടായിരുന്നത് മുഖ്യമന്ത്രി ഇ. കെ. നായനാർ, മന്ത്രി കെ.ആർ.ഗൗരിഅമ്മ, സക്കറിയ, ഒ.എൻ. വി, എം.എ.ബേബി തുടങ്ങിയവരൊക്കെയാണ്.ഞാൻ മനസിൽ ആലോചിച്ചു ഇവരുടെയൊക്കെ ഒപ്പം യാത്രപോകുന്നത് തന്നെ വലിയ കാര്യമല്ലേ.
ടി.എൻ.ശേഷൻ എന്ന അക്കാലത്തെ ഇലക്ഷൻ കമ്മിഷണറും കൂടെയുണ്ടായിരുന്നു. ഞാനവിടെ പ്രസംഗിച്ചപ്പോൾ ഒരു നേരം പോക്ക് അവരോടു പറഞ്ഞു.
നിങ്ങളിവിടെ വന്ന് കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നുണ്ട്. ഇതൊക്കെ സമ്പാദിക്കാൻ വേണ്ടിയുള്ള കാശാണ് അല്ലെങ്കിൽ നിങ്ങളുടെ മക്കൾക്കു വേണ്ടിയിട്ടുണ്ടാക്കുന്ന കാശാണ്. ദൈവത്തെയോർത്ത് നമ്മുടെ നാട്ടിൽ നിങ്ങളൊന്നും ചെയ്യരുത് ഇവർ പലതും പറയും നിങ്ങളങ്ങോട്ടു വരൂ അവിടെ ചെയ്യാമെന്നൊക്കെ... അവസാനം ഗതികെട്ടു പോകുന്നത് കാണാനുള്ള മനസെനിക്ക് ഇല്ലാത്തോണ്ടാണ്. സംസാരിച്ചു വന്നപ്പോൾ ഞാൻ പെട്ടെന്ന് പറഞ്ഞു പോയതാണ്. ഗൗരിഅമ്മ എന്നെ രൂക്ഷമായൊരു നോട്ടംനോക്കി ' നീ ആള് ശരിയല്ല എന്ന നിലയ്ക്ക് ". അത് കഴിഞ്ഞ് നായനാർ സാർ, അദ്ദേഹം ചിരിച്ചു എന്നിട്ട് എന്റെ അടുത്ത് പറഞ്ഞു ' എടോ അവരവിടെ വന്ന് കാശ് മുടക്കിയാൽ തനിക്ക് എന്താടോ "ഞാൻ പറഞ്ഞു എന്റെ ചേട്ടൻമാരിവിടെയുണ്ട് ആ ചേട്ടൻമാർ വരരുതെന്ന് വെച്ചിട്ടാണ് ഞാൻ പറഞ്ഞത്. അതിങ്ങനെ മൈക്കിൽ കൂടെ പറയണോ ? അവരോട് മാത്രം പറഞ്ഞാൽ പോരെ?എന്നായിരുന്നു നായനാരുടെ ഡയലോഗ്.
മീറ്റിംഗ് നടക്കുന്നത് ഫ്ലോറിഡയിലെ ഒരു ഗ്ലാസ് ഹൗസിൽവച്ചാണ്. ആ ഗ്ലാസ് ഹൗസ് ഏതാണ്ട് ആയിരമടി റൗണ്ടിലാണ്. അതിനകത്ത് ഫ്ലോറിഡയിലെ ഗവർണർ, നായനാർ, ഗൗരിഅമ്മ, സക്കറിയ, എം. എ. ബേബി ഇവരൊക്കെയുണ്ട് .ഞാനുമുണ്ട്. ഗ്ളാസ് ഹൗസിന് ചുറ്റും ലോകത്തിലെ ഏറ്റവും നല്ല വിസ്കികൾ വെച്ചിട്ടുണ്ട് .കൂൾ ഡ്രിംഗ്സ് അങ്ങനെ എല്ലാ സംരംഭങ്ങളുമുണ്ട് . ആർക്ക് വേണമെങ്കിലും അവിടെപോയി എടുത്ത് കഴിക്കാം. 'എന്റെ ചേട്ടൻ സ്റ്റെൻസിലാവോസ് ഫ്ലോറിഡയിലാണ്. അദ്ദേഹം പറഞ്ഞു. ഡാ ,നിന്റെ ഭാഗ്യാട്ടൊ ഇത്രയും വലിയ ആളുകൾക്കൊപ്പം ഇതിന്റെയുള്ളിൽ വന്നിരിക്കാനായത്. ഇതിനുള്ള ഭാഗ്യം നിനക്കെവിടുന്ന് കിട്ടിയെഡാ നിന്റെ തലേല്."എന്നും പറഞ്ഞു.
എന്റെ നോട്ടം വിസ്കി, വൈൻ ഇതൊക്കെ വെച്ചിരിക്കുന്നയിടത്തു തന്നെയാണ്. എല്ലാം മുന്തിയത് തന്നെ. ഞാൻ നോക്കിയപ്പോൾ അവിടുത്തുകാരായിട്ടുള്ള സായിപ്പൻമാരും, പിന്നാരൊക്കയോ അതിൽനിന്നെടുക്കുകയും സംസാരിച്ചുകൊണ്ട് കഴിക്കുന്നുമുണ്ട്. ഞാനിങ്ങനെ അതിലേക്ക് നോക്കിയിട്ട് സ്റ്റെൻസിലാവോസ് ചേട്ടനെ നോക്കി അപ്പോൾ അയാൾ അവിടെ നിന്നുകൊണ്ട് കണ്ണു കാണിച്ചു വേണ്ടെന്ന്. വീണ്ടും ഞാൻ ചേട്ടനെ നോക്കിയപ്പോൾ അയാൾ പറഞ്ഞു ഇവരൊക്കെ വല്യ ആൾക്കാരാണ് നിന്റെ കൂടെ വന്നിരിക്കുന്നതെന്ന്. ഞാൻ സ്റ്റെൻസിലാവോസിനെ പിന്നെ നോക്കാതിരുന്നു. അപ്പനെന്നോട് പറഞ്ഞതെനിക്ക് ഓർമ്മയുണ്ട്. അവസരങ്ങൾ വല്ലപ്പോഴും ഒരിക്കലെ വരുള്ളു അങ്ങനെ വരുമ്പോൾ അത് വിനിയോഗിക്കണം അല്ലെങ്കിൽ പിന്നീട് നമ്മൾ ദുഃഖിക്കേണ്ടിവരും. അതെന്റെ മനസിൽ ഒന്നേ, രണ്ടേ, മൂന്നേ എന്ന കണക്കിൽ മൂന്ന് പ്രാവശ്യം ഉരുവിട്ടു വന്നു. ഞാൻ സ്റ്റെൻസിലാവോസ് ചേട്ടനെയൊന്നു നോക്കി അപ്പോഴും എന്റെ അപ്പന്റെ അവസരങ്ങൾ വല്ലപ്പോഴുമേ വരൂ എന്ന് ചെവിയിൽ വന്നുള്ള മൂളലിൽ ഞാൻ എഴുന്നേറ്റ് ഒറ്റപ്പോക്ക് പോയി അവിടെ പോയി എടുത്തു കൊണ്ടുവന്ന് കുടിച്ചിട്ട് സ്റ്റെൻസിലാവോസ് ചേട്ടനെ നോക്കിയപ്പോൾ അയാൾ രണ്ട് കൈകൊണ്ടും തലയിൽ കൈവച്ചു. എന്റെ കൂടെ വന്ന ഒരു പ്രധാനപ്പെട്ട ആളിനോട് ഞാൻ ചോദിച്ചു
നിങ്ങൾക്ക് വേണോ?അവരൊക്കെ കാണുമെന്നായിരുന്നു മറുപടി.
ഞാൻ പോയിട്ട് അയാൾക്കും എടുത്ത്കൊണ്ടു വന്നു. സ്റ്റെൻസിലാവോസ് മൂന്ന് കൊല്ലം മുൻപ് മരിച്ചുപോയി. ഇപ്പൊ ഞാൻ ആലോചിക്കാറുണ്ട് അപ്പൻ പറഞ്ഞതാണ് ശരി. അവസരങ്ങൾ ജീവിതത്തിൽ വല്ലപ്പോഴും ഒരിക്കലേ വരുള്ളു. അത് നമ്മൾ വിനിയോഗിക്കണം. നിങ്ങളോടൊക്കെ പറയാനുള്ള ഒറ്റകാര്യം അതേ ഉള്ളു.
ഇപ്പൊ അതോർക്കുമ്പോൾ ഫ്ലോറിഡ ഗവർണർ, നായനാർ, ഗൗരിഅമ്മയും പോലെയുള്ള പ്രധാനപ്പെട്ട ആളുകളൊക്കെ ഒരുമിച്ചിരിക്കുന്ന സമയത്തെ മദ്യത്തിന്റെ ലഹരിയെക്കുറിച്ചല്ല ഞാൻ പറഞ്ഞുവരുന്നത്. ആ ഒരു സുഖം. ഇന്നയിന്ന ആളുകളൊക്കെയുള്ളപ്പോൾ നമ്മൾ കഴിച്ചു എന്ന സുഖം.അതാണ് അതിന്റെ ലഹരി.
ഇതിനിടയിൽ ഗൗരിഅമ്മ എന്നോട് ചോദിച്ചു
സിനിമയിലാണോയെന്ന്.
അതെ സിനിമയിലാണ്.
പടങ്ങളൊന്നും ഞാൻ അധികം കാണാറില്ല.
എവിടെയാ വീട് ?
ഇരിങ്ങാലക്കുട
അച്ഛനൊക്കെ എന്താ പണി ?
അച്ഛനൊരു പല ചരക്ക് കടയാണ് മാപ്രാണം എന്ന സ്ഥലത്ത്.
ഇപ്പൊ അത് കൊണ്ടു നടക്കുന്നത് അച്ഛനാണോ ?
ഇല്ല അപ്പൻ കൊണ്ടു നടന്നില്ല. കമ്യൂണിസം പറഞ്ഞ് പറഞ്ഞ് കട പൊളിഞ്ഞുപോയി. പിന്നെ അവരൊരു അക്ഷരവും എന്നോട് മിണ്ടിയില്ല. കാരണം അതാണ് സത്യം. കടയിൽ വരുന്നവരെ കമ്യൂണിസ്റ്റാക്കലായിരുന്നു അപ്പന്റെ പണി അല്ലാതെ കടയിൽനിന്ന് സാധനം കൊടുക്കലല്ലായിരുന്നു. ഇതൊക്കെ ഓർമ്മയിലിങ്ങനെയുണ്ട്. ഇന്ന് ഗൗരിഅമ്മയില്ല, നായനാർ സാറില്ല പരിചയപ്പെട്ട പലരും പോയി.
ഒരിക്കൽ നായനാർ സാറിന്റെ നാട്ടിൽ, കണ്ണൂരിൽ പിണറായി വിജയനെ കാണാൻ പോയിട്ട് വരുന്ന വഴിക്ക് ഞാനവിടെ ഒന്ന് കയറി. നായനാർ സാറില്ല അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചർ മാത്രമേയുള്ളു. ടീച്ചർ എന്നോട് പറഞ്ഞു ' ഇവിടെ വല്യ ഇഷ്ടായിരുന്നു നിങ്ങളെ " ഞാൻ പറഞ്ഞു 'അതെയോ."
അതെ ഭയങ്കര ഇഷ്ടായിരുന്നു. ഇന്നസെന്റിന്റെ ശബ്ദം കേൾക്കുമ്പോൾ വയ്യെങ്കിലും കിടക്കുന്ന സ്ഥലത്തുനിന്ന് ചോദിക്കും 'ഓൻ വന്നോ?" പിന്നെ ഞാൻ പിടിച്ച് ഇവിടെ കൊണ്ടിരുത്തും പിന്നെ ഇന്നസെന്റ് ടി. വി.യിൽ നിന്ന് പോയിട്ടാണ് ആള് പോകുന്നത്. നമ്മളറിയാതെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.