
ലാസ് വേഗസിലെ എം.ജി.എം ഗ്രാൻഡ് അരീനയിൽ 64-ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിക്കവെ പാശ്ചാത്യ സംഗീത ലോകത്തെ പ്രമുഖരുടെയെല്ലാം കണ്ണുടക്കിയത് ഒരു ' കൊച്ചുകുട്ടി"യിലേക്കാണ്. പേര് ഒലിവീയ റോഡ്രിഗോ. വയസ് വെറും 19. ഗ്രാമിയിൽ വാരിക്കൂട്ടിയതാകട്ടെ മികച്ച പുതുമുഖ ആർട്ടിസ്റ്റ്, മികച്ച പോപ്പ് സോളോ പെർഫോമൻസ്, മികച്ച പോപ്പ് വോക്കൽ ആൽബം പുരസ്കാരങ്ങൾ. അതും ' ഡ്രൈവേഴ്സ് ലൈസൻസ് " എന്ന തന്റെ ആദ്യ സിംഗിൾ ആൽബത്തിനും ' സോർ " എന്ന ആദ്യ സ്റ്റുഡിയോ ആൽബത്തിനുംതന്നെ പുരസ്കാരങ്ങൾ നേടിയെന്നത് സംഗീത ലോകത്തെ തുടക്കകാർക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറത്തെ നേട്ടമാണ്. ഇതോടെ ഏവരും ഒരു കാര്യം ഉറപ്പിച്ചു. നാളത്തെ മഡോണയോ ടെയ്ലർ സ്വിഫ്റ്റോ ആയി മാറിയേക്കാവുന്ന പെൺകുട്ടിയാണ് കാലിഫോർണിയ സ്വദേശിയായ ഒലിവീയയെന്ന്.
2021 ജനുവരിയിലാണ് ഡ്രൈവേഴ്സ് ലൈസൻസ് പുറത്തിറങ്ങിയത്. പിന്നീട് ഓരോന്നായി റെക്കാഡുകൾ അത് ഭേദിച്ചു. 2021ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗാനങ്ങളിലൊന്നായി ഡ്രൈവേഴ്സ് ലൈസൻസ് മാറി. പിന്നാലെ ദേജാ വൂ, ഗുഡ് ഫോർ യു എന്നീ സിംഗിളുകളും ഒലിവീയ പുറത്തിറക്കി. 2021ൽ തന്നെയാണ് സോർ പുറത്തിറങ്ങിയതും. അന്നേ വർഷം തന്നെ ടൈം മാഗസിന്റെ എന്റർടെയ്നർ ഒഫ് ദ ഇയറും ബിൽ ബോർഡിന്റെ വുമൻ ഒഫ് ദ ഇയറും ഒലിവീയയ്ക്ക് സ്വന്തമായി.
2003 ഫെബ്രുവരി 20ന് ജനിച്ച ഒലിവീയയുടെ അച്ഛൻ ഒരു ഫാമിലി തെറാപ്പിസ്റ്റും അമ്മ ടീച്ചറുമാണ്. നഴ്സറി പഠന കാലത്ത് തന്നെ സംഗീതലോകത്തെത്തിയ ഒലിവീയ വളരെ മനോഹരമായി പിയാനോയും ഗിറ്റാറും വായിക്കും. ആറാം വയസ് മുതൽ തന്നെ സംഗീത, അഭിനയ പരിപാടികളിൽ ഒലിവീയ സജീവമായിരുന്നു. പാട്ടെഴുത്തും ആലാപനവുമൊക്കെ പാഷനായി കൊണ്ടുനടന്നെങ്കിലും ഒലിവീയ ആദ്യമെത്തിയത് അഭിനയത്തിലേക്കാണ്. ഓൾഡ് നേവി എന്ന അമേരിക്കൻ വസ്ത്ര കമ്പനിയുടെ പരസ്യത്തിലൂടെ സ്ക്രീനിൽ മുഖം കാണിച്ച ഒലിവീയ 12ാം വയസിൽ ആൻ അമേരിക്കൻ ഗേൾ എന്ന ചിത്രത്തിലെ നായികയായി. തൊട്ടടുത്ത വർഷം ഡിസ്നി ചാനൽ സീരീസായ ബിസാർഡ്വാർകിലും കേന്ദ്ര കഥാപാത്രമായി. 2019ൽ ഡിസ്നി പ്ലസ് സീരീസായ ഹൈസ്കൂൾ മ്യൂസിക്കലിൽ അഭിനയിച്ചതിനൊപ്പം ' ഓൾ ഐ വാണ്ട് " എന്ന ഗാനം രചിക്കുകയും ചെയ്തു. ഇവിടെ നിന്ന് തന്റെ കരിയറിലെ ഒരു ടേണിംഗ് പോയിന്റ് തിരിച്ചാണ് ഒലിവീയ ഡ്രൈവേഴ്സ് ലൈസൻസിലെത്തിയത്. ഏഴ് ദിവസം കൊണ്ട് 80 ദശലക്ഷം സ്ട്രീമുകൾ എന്നതുൾപ്പെടെ ഒന്നിലേറെ റെക്കോഡുകളാണ് സ്പോട്ടിഫൈയിൽ മാത്രം ഡ്രൈവേഴ്സ് ലൈസൻസിനുള്ളത്. ബിൽ ബോർഡിന്റെ ഹോട്ട് 100 ലിസ്റ്റിൽ ഒന്നാം സ്ഥാനവും അടിച്ചെടുത്തു. തന്നെ കാത്ത് നിൽക്കുന്ന അനേകം ബഹുമതികളെയും പുരസ്കാരങ്ങളെയും തേടി പാട്ടുകാരിയായും പാട്ടെഴുത്തുകാരിയായും തന്റെ യാത്ര തുടരുകയാണ് ഒലിവീയ.