
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ എക്കാലവും അടയാളപ്പെടുത്തുന്ന ചിത്രമായി മാറുകയാണ് യാഷ് നായകനായ കന്നഡ ചിത്രം കെ.ജി.എഫ് 2. ബാഹുഹലി ഒന്നാം ഭാഗത്തിന്റെയും രജനികാന്ത് ചിത്രം 2.Oയുടെയും റെക്കോർഡുകൾ തകർത്താണ് കെ ജി എഫ് വിജയക്കുതിപ്പ് തുടരുന്നത്. ഇപ്പോഴിതാ ചിത്രത്തെ ആരാധകർ ഏറ്റെടുത്തതിൽ നന്ദിയറിയിക്കുകയാണ് പ്രതിനായകകഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജയ് ദത്ത്.
കെ ജി എഫ്2 എന്ന ചിത്രം തനിക്കെത്രമാത്രം വിലയേറിയതാണെന്ന് ആരാധകരോട് പങ്കുവയ്ക്കുകയായിരുന്നു സഞ്ജയ് ദത്ത്. തന്റെ കഴിവ് തിരിച്ചറിയാൻ ചിത്രം സഹായിച്ചു. സുഖസൗകര്യങ്ങളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്ന ചിത്രത്തിനായി താൻ തിരയാറുണ്ട്. അത്തരത്തിലെ ചിത്രമാണ് കെ ജി എഫ്2. താരം കുറിച്ചു. ഒരു സിനിമ എങ്ങനെയാണ് അഭിനിവേശമായി മാറുന്നതെന്ന് ചിത്രം കാണിച്ചുതന്നു. തന്റെ കഥാപാത്രത്തിന്റെ വിജയത്തിന് മുഴുവൻ അംഗീകാരങ്ങളും നൽകേണ്ടത് ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് നീലിനാണ്. ജീവിതം ഓരോ തവണയും അപ്രതീക്ഷിത സംഭവങ്ങളുമായി മുന്നിലെത്തുമ്പോൾ സ്വന്തം കഴിവനുസരിച്ച് അത് മികച്ചതാക്കാൻ ശ്രമിക്കണമെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണീ ചിത്രമെന്നും താരം കുറിച്ചു. ആരാധകർക്കും കുടുംബത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് താരം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാമിലായിരുന്നു താരം കുറിപ്പ് പങ്കുവച്ചത്.
സഞ്ജയ് ദത്ത് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ അധീരയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഗരുഡയെന്ന ആദ്യ ഭാഗത്തിലെ വില്ലനെക്കാളും പതിന്മടങ് ശക്തനായ അധീരയെയാണ് താരം അവതരിപ്പിച്ചത്. അധീരയായി മറ്റൊരാളെ ഇനി സങ്കൽപ്പിക്കാൻ പറ്റാത്ത തരത്തിലാണ് സഞ്ജയ് ദത്തിന്റെ ചിത്രത്തിലെ പ്രകടനം. റോക്കിയും അധീരയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന രംഗങ്ങളെല്ലാം ത്രില്ലടിപ്പിക്കുന്നവയായിരുന്നു.