
മലപ്പുറം: മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേയ്‌ക്ക് വരാൻ ക്ഷണിച്ച സിപിഎമ്മിനെതിരെ കടുത്ത പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി. നേരത്തെ ഇപി ജയരാജന്റെ ക്ഷണത്തോട് മൃദുസമീപനം സ്വീകരിച്ച കുഞ്ഞാലിക്കുട്ടി ഇത്തവണ ശക്തമായ പ്രതികരണമാണ് നടത്തിയത്.
'മുസ്ലീം ലീഗ് യു.ഡി.എഫിന്റെ നട്ടെല്ലാണ്. വസ്ത്രം മാറുന്ന പോലെ മുന്നണി മാറുന്ന രീതി ലീഗിനില്ല. യു.ഡി.എഫിൽ നിന്നും ആരെങ്കിലും അസംതൃപ്തരായി വിട്ട് പോകുമെന്ന വാദത്തിന് അർത്ഥമില്ല' - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് നടന്ന ലീഗ് നേതൃയോഗത്തിന് മുന്നോടിയായിട്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ജയരാജന്റെ ക്ഷണത്തോടുള്ള കുഞ്ഞാലിക്കുട്ടിയുടെ ആദ്യ സമീപനം ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമർശനം ലീഗ് നേതൃയോഗം ചർച്ച ചെയ്യാനിരിക്കെയായിരുന്നു അദ്ദേഹം പ്രതികരണം ശക്തമാക്കിയത്.
ജയരാജന്റെ ക്ഷണത്തോട് ലീഗ് നേതാക്കൾ പല തരത്തിലാണ് പ്രതികരിച്ചത്. ഇത് ആശയക്കുഴമുണ്ടാക്കിയതായി ലീഗ് യോഗത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
അതേസമയം മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടാൻ ലീഗിനെ ഉപദേശിച്ച് എം വി ജയരാജനും രംഗത്തെത്തിയിരുന്നു. ലീഗിനെ ക്ഷണിച്ച ഇപി ജയരാജന്റെ നിലപാട് സിപിഎം തിരുത്തിയതിന് പിന്നാലെയായിരുന്നു ജയരാജന്റെ പ്രതികരണം.