
കണ്ണൂർ: ഹരിദാസ് വധക്കേസിലെ പ്രതി നിജിൻ ദാസിന് സംരക്ഷണം ഒരുക്കിയത് ക്രിമിനൽ ആണെന്ന് അറിയാതെയായിരുന്നുവെന്ന് അറസ്റ്റിലായ രേഷ്‌മയുടെ കുടുംബം. സ്ഥിരമായി ഈ വീട് വാടകയ്ക്ക് കൊടുക്കാറുണ്ട്. പ്രതിയുടെ ഭാര്യയാണ് വീട് വേണമെന്ന് മകളോട് ആവശ്യപ്പെട്ടതെന്നും രേഷ്‌മയുടെ അച്ഛൻ പറഞ്ഞു.
അതേസമയം, രേഷ്‌മയ്‌ക്ക് ജോലി വാങ്ങി നൽകിയതുൾപ്പെടയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നാണ് സിപിഎം പ്രവർത്തകർ ആരോപിക്കുന്നത്. അണ്ടല്ലൂരിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളിൽ രേഷ്‌മയുടെ ഭർത്താവ് പ്രശാന്ത് ആർഎസ്എസുമായി സഹകരിച്ച് സമരം നടത്തിയ ആളാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
എന്നാൽ, രേഷ്മയും ഭർത്താവ് പ്രശാന്തും പണ്ടുമുതലേ സിപിഎം അനുഭാവികളാണെന്നും അവർ മാത്രമല്ല ഞങ്ങളെല്ലാം പാർട്ടിയിൽ വിശ്വസിക്കുന്നവരാണെന്നും ഇതുവരെ ബിജെപിയിൽ പ്രവർത്തിച്ചിട്ടില്ലെന്നുമാണ് രേഷ്മയുടെ അച്ഛൻ പറയുന്നത്.
നിജിനെ പരിചയപ്പെടുന്നത് പോലും വാടകയ്‌ക്ക് വീട് ചോദിച്ചതിന് ശേഷമാണ്. പിണറായി പെരുമ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചപ്പോൾ പാർട്ടി സഖാക്കളെല്ലാം താമസിച്ചത് ഇവിടെയായിരുന്നുവെന്നും രേഷ്‌മയുടെ അച്ഛൻ പറഞ്ഞു.
പിണറായി പാണ്ട്യാലമുക്കിലുള്ള പ്രശാന്തിന്റെ വീട്ടിലാണ് നിജിൻ ദാസ് ഒളിവിൽ താമസിച്ചത്. പ്രതിയെ സഹായിച്ച കേസിൽ പ്രശാന്തിന്റെ ഭാര്യയും അദ്ധ്യാപികയുമായ രേഷ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28നാണ് പുന്നോൽ ഹരിദാസൻ കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തിൽ നിജിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും പിന്നീടുള്ല അന്വേഷണത്തിൽ ഇയാളുടെ പങ്ക് വ്യക്തമായി. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ലിയിരുന്നു. കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.