mammootty

കൊച്ചി: പ്രശസ്‌ത തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിയോഗത്തിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. 'തീരെ അപ്രതീക്ഷിതമായിരുന്നു. ഞാൻ ഇവിടെവന്ന് അദ്ദേഹത്തോട് സംസാരിച്ചതാണ്. തിരിച്ചുവരുമെന്ന് വിചാരിച്ചതാണ്. മലയാള സിനിമയ്‌ക്ക് വലിയ നഷ്‌ടമാണ്. സിനിമ സാഹിത്യത്തിന് വലിയ നഷ്‌ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വലിയ ദു:ഖമുണ്ട്.' മമ്മൂട്ടി പറഞ്ഞു.

കൊച്ചിയിലെ ആശുപത്രിയിൽ ജോൺ പോളിന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചശേഷം സംസാരിക്കവെയാണ് താരം തന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തിനെ ഓർമ്മിച്ചത്. വൃക്കരോഗവുമായി ബന്ധപ്പെട്ടും ശ്വാസതടസത്തെ തുടർന്നും രണ്ട് മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺ പോൾ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രക്തത്തിൽ ഓക്‌സിജൻ അളവ് കുറയുന്ന ബുദ്ധിമുട്ടുമുണ്ടായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് 1.05ഓടെയാണ് അന്ത്യം സംഭവിച്ചത്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 80കളിലും 90കളിലുമുളള നിരവധി ഹിറ്റ് ചിത്രങ്ങളിൽ തിരക്കഥയൊരുക്കി. കാതോട് കാതോരം, കാറ്റത്തെ കിളിക്കൂട്, ഇണ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, അതിരാത്രം, കേളി,ചമയം, ഒരു യാത്രാമൊഴി, കൊടിയേറ്റം,യാത്ര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥയൊരുക്കി. തിരക്കഥയിൽ മാത്രമല്ല നിർമ്മാണരംഗത്ത് എം.ടി ഒരുക്കിയ 'ഒരു ചെറുപുഞ്ചിരി' എന്ന ചിത്രത്തിലും ജോൺപോൾ ശ്രദ്ധേയനായി. സംസ്ഥാന, ദേശീയ, രാജ്യാന്തര അവാർഡുകൾ ചിത്രം സ്വന്തമാക്കി. മാക്ടയുടെ സ്ഥാപക സെക്രട്ടറിയും ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു അദ്ദേഹം.