wonder-la

കൊച്ചി: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്‌സിന്റെ കൊച്ചി പാർക്കിൽ പുതിയ ഫാമിലി റൈഡായ 'സ്‌കൈറിംഗ്" പ്രവർത്തനം ആരംഭിച്ചു. ചലച്ചിത്രതാരം അദിതി രവി ഉദ്ഘാടനം ചെയ്‌തു. വണ്ടർല മാനേജിംഗ് ഡയറക്‌ടർ അരുൺ കെ. ചിറ്റിലപ്പിള്ളി, കൊച്ചി പാർക്ക് ഹെഡ് എം.എ. രവികുമാർ തുടങ്ങിയവർ സംബന്ധിച്ചു.

66 മീറ്റർ ഉയരമുള്ളൊരു ടവർ ഉൾപ്പെടുന്ന റൈഡാണിത്. ഒരേസമയം 24 പേർക്ക് പാർക്കിന് ചുറ്റുമുള്ള മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാം. നിലവിൽ ഈ റൈഡ് വണ്ടർലയിൽ മാത്രമേയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.

വ്യത്യസ്‌തമായ 55ലേറെ റൈഡുകൾക്കും കല, സംഗീത പരിപാടികൾക്കും പുറമേ നാടൻ ഭക്ഷ്യമേള, രസകരമായ കളികൾ, മാജിക് ഷോകൾ, ത്രില്ലുകൾ എന്നിവയുമായി അവധിക്കാലം ആസ്വദിക്കാവുന്ന 'സമ്മർല ഫെസ്‌റ്റ്" മേയ് 31വരെ നടക്കും.