zim

ഹരാരെ: പാകിസ്ഥാൻ ക്രിക്കറ്റിന് വളരെയധികം നാണക്കേടുണ്ടാക്കിയ ഒരു സംഭവമായിരുന്നു ട്വന്റി 20 ക്രിക്കറ്റിൽ സിംബാബ്‌വെയോട് അവർക്കേറ്റ തിരിച്ചടി. 2021 ഏപ്രിൽ 23നായിരുന്നു അത്. സിംബാബ‌്‌വെ-പാകിസ്ഥാൻ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് അവർ സിംബാബ്‌വെ ബൗളിംഗിനെ പ്രതിരോധിക്കാനാകാതെ പുറത്തായത്.

സിംബാബ്‌വെയുടെ പാകിസ്ഥാനെതിരായ ആദ്യ ടി20 ആധികാരിക ജയമായിരുന്നു ഇത്. ഇപ്പോഴിതാ മത്സരം ഓർമ്മിപ്പിച്ച് ഐസിസി സമൂഹമാദ്ധ്യമങ്ങളിലിട്ട പോസ്‌റ്റ് വളരെ വേഗം വൈറലായിരിക്കുകയാണ്. ഒരുമണിക്കൂറിനകം 20000 പേരോളമാണ് പോസ്‌റ്റ് ലൈക്ക് ചെയ്‌തത്. 290 ഷെയറും ആയിരക്കണക്കിന് കമന്റുകളും പോസ്‌റ്റിന് ലഭിച്ചു.

ടി20 ക്രിക്കറ്റിൽ താരതമ്യേന ചെറിയ സ്‌കോർ പിറന്ന മത്സരമായിരുന്നു ഹരാരെ ക്രിക്കറ്റ് ക്ളബിൽ നടന്നത്. ആദ്യം ബാറ്ര് ചെയ്‌ത സിംബാബ്‌വെ 20 ഓവറുകളിൽ ഒൻപത് വിക്കറ്ര് നഷ്‌ടത്തിൽ 118 റൺസ് മാത്രമാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ബാബർ അസം നയിച്ച പാക് ടീം ബാബറിന് പുറമെ, മുഹമ്മദ് റിസ്വാൻ, ഫഖർ സമൻ, ആസിഫ് അലി എന്നീ മികച്ച കളിക്കാരുണ്ടായിട്ടും 99 റൺസിന് എല്ലാവരും പുറത്തായി. ബാബറിന്റേതടക്കം നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ലൂക്ക് ജോംഗ്വെയാണ് അന്ന് പാക് ബാറ്റിംഗ് നിരയെ തകർത്തത്. മൂന്ന് മത്സരങ്ങളുള‌ള പരമ്പര 1-1ന് സമനിലയായതോടെ പാകിസ്ഥാന് കിരീടവും നേടാനായില്ല.