-bh

ന്യൂഡൽഹി: അപകട സമയത്ത് വാഹനത്തിലുള്ള എയർബാഗ് പ്രവർത്തിച്ചില്ലെങ്കിൽ വാഹനനിർമ്മാണ കമ്പനികൾ നഷ്ടപരിഹാരം നല്കാൻ ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി. ജഡ്ജിമാരായ വിനീത് സരൺ, അനിരുദ്ധ് ബോസ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. എയർബാഗിന്റെ നിലവാരത്തെപ്പറ്റി ഉപഭോക്താക്കൾക്ക് അറിവുണ്ടാകണമെന്നില്ല. ഇതിനെക്കുറിച്ച് അറിയാവുന്ന വാഹനനിർമ്മാണ കമ്പനികൾ നിലവാരമുള്ള എയർബാഗ് നൽകുന്നതിൽ പിഴവുവരുത്തിയാൽ അവർ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. അതേ സമയം നഷ്ടപരിഹാരം നൽകുമ്പോൾ കമ്പനിയുടെ ശേഷി കൂടി പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ഡൽഹി - പാനിപ്പത്ത് ദേശീയപാതയിലുണ്ടായ കാർ അപകടത്തെ തുടർന്ന് കമ്പനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അപകടത്തെ തുടർന്ന് എയർബാഗ് തുറന്നുവരാതിരുന്നതിനാൽ കാർ യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതുസംബന്ധിച്ച കേസിൽ യാത്രക്കാരന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. ഇതിനെതിരെ കാർ കമ്പനി അപ്പീൽ നൽകി. എന്നാൽ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ അപ്പീൽ സ്വീകരിക്കാത്തതിനാൽ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്നാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.