
ന്യൂഡൽഹി: സ്വകാര്യബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ലാഭം 2021-22 മാർച്ചുപാദത്തിൽ 59.42 ശതമാനം വർദ്ധിച്ച് 7,019 കോടി രൂപയിലെത്തി. മുൻവർഷത്തെ സമാനപാദലാഭം 4,403 കോടി രൂപയായിരുന്നു.
അറ്റ പലിശവരുമാനം 10,431 കോടി രൂപയിൽ നിന്ന് 21 ശതമാനം കുതിച്ച് 12,605 കോടി രൂപയിലെത്തിയതാണ് ബാങ്കിന് കരുത്തായത്. പലിശയിതര വരുമാനം 11 ശതമാനം വർദ്ധിച്ച് 4,608 കോടി രൂപയായി. 2021-22ലെ ഡിസംബർപാദത്തിലെ 6,192 കോടി രൂപയെ അപേക്ഷിച്ച് ലാഭം 13.32 ശതമാനവും മുന്നേറിയിട്ടുണ്ട്.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) പാദാടിസ്ഥാനത്തിൽ 4.13 ശതമാനത്തിൽ നിന്ന് 3.60 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 0.85 ശതമാനത്തിൽ നിന്ന് 0.76 ശതമാനത്തിലേക്കും കുറഞ്ഞു.