vbgh

ലഖ്നൗ : യു.പിയിൽ ഒരു കുടുംബത്തിലെ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രയാഗ്രാജ് ജില്ലയിലെ ഖവാജ്പുരിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.രാം കുമാർ യാദവ് (55), ഭാര്യ കുസും ദേവി (52), മകൾ മനീഷ (25), മരുമകൾ സവിത (27), ചെറുമകൾ മീനാക്ഷി (2) എന്നിവരാണ് ഖവാജ്പൂർ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവസമയത്ത് റാംകുമാറിന്റെ മകൻ സുനിലും മറ്റൊരു ചെറുമകളായ സാക്ഷിയും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ വീട്ടിൽ നിന്നു തീ ഉയരുന്നത് കണ്ട അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തീയണച്ച് വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ റാംകുമാറിനും ഭാര്യയ്ക്കും ജീവനുണ്ടായിരുന്നെങ്കിലും അധികം വൈകാതെ ഇവർ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇവരുടെ മകൾ മനീഷ,​ മരുമകൾ സവിത,​ ചെറുമകൾ മീനാക്ഷി എന്നിവർ കിടന്നിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇവരെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ച് പേരുടെയും തലയ്ക്ക് ശക്തമായ അടിയേറ്റിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മുതിർന്ന പൊലീസ് ഓഫീസർ അജയ് കുമാർ പറഞ്ഞു.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഏഴ് അംഗ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.