
കണ്ണൂർ: മാഹിയിലെ സി.പി.എം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിണറായി സ്വദേശിയും അദ്ധ്യാപികയുമായ രേഷ്മയ്ക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഹരിദാസ് കൊലക്കേസ് പ്രതി നിജിൽദാസിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്. വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ ഈ വീട്ടിലേക്ക് പ്രതി എത്തിയത്. സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയാണ് രേഷ്മ. രേഷ്മയുടെ ഭർത്താവ് പ്രവാസിയാണ്. പുതുതായി പണിത വീട് വാടകയ്ക്ക് നൽകി വരാറുണ്ട്. എന്നാൽ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്ത് സി.പി.എം ശക്തി കേന്ദ്രത്തിലാണ് ആർ.എസ്.എസുകാരൻ ഒളിവിലായത്.
ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ഇന്നലെ ബോംബേറും ഉണ്ടായിരുന്നു. വീട് അടിച്ച് തകർത്ത ശേഷമായിരുന്നു ബോംബേറ്. ഫെബ്രുവരി 28നാണ് പുന്നോൽ ഹരിദാസൻ കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തിൽ നിജിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും പിന്നീടുള്ല അന്വേഷണത്തിൽ ഇയാളുടെ പങ്ക് വ്യക്തമായി. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ലിയിരുന്നു. കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.