
സരയാവോ : തെക്കൻ ബോസ്നിയയിൽ റിക്ടർ സ്കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരു മരണം. കുന്നിൽ നിന്ന് ഭീമൻ പാറ തകർന്ന് വീടിന് മുകളിലേക്ക് വീണ് 28 വയസുള്ള യുവതിയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്.
മതിലുകളും കെട്ടിടങ്ങളും മറ്റും തകർന്നിട്ടുണ്ട്. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 2.37 ഓടെയായിരുന്നു ഭൂചലനമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മോസ്റ്റർ നഗരത്തിന് 42 കിലോമീറ്റർ അകലെ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിൽ നിന്ന് 400 കിലോമീറ്റർ വരെ ചുറ്റളവിലുള്ള ബാൽക്കൺ പ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
അൽബേനിയയിലും തെക്കൻ ഇറ്റലിയിലും നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. തുടർ ചലനങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് യൂറോപ്യൻ - മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.