
സ് ക്രീനിൽ അഗ്നിശോഭയോടെ തിളങ്ങി നിൽക്കുന്നവരാണ് എന്നും ജോൺപോൾ കഥാപാത്രങ്ങൾ .മലയാളം ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ തിരക്കഥാകൃത്ത്. നൂറിലേറെ സിനിമകൾക്ക് രചന നിർവഹിച്ചു. നാലുപതിറ്റാണ്ട് പിന്നിടുന്നതാണ് ജോൺപോളിന്റെ സിനിമ ജീവിതം. കെ.എസ്. സേതു മാധവൻ , പി.എൻ. മേനോൻ, ഭരതൻ, മോഹൻ, ബാലുമഹേന്ദ്ര, പി.ജി. വിശ്വംഭരൻ, ഐ.വി. ശശി, ജോഷി, കമൽ, സിബി മലയിൽ, സത്യൻ അന്തിക്കാട്, ജേസി, കെ. മധു, വിജിതമ്പി, കെ. മധു തുടങ്ങിയ സംവിധായകരുടെ സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതി. ഭരതന്റെ സിനിമകൾക്കാണ് ഏറ്റവും കൂടുതൽ രചന നിർവഹിച്ചത്.ഭരതൻ- ജോൺ പോൾ കൂട്ടുകെട്ട് തന്നെ പിറന്നു. എന്നാൽ മലയാളികളുടെ മികച്ച സിനിമകളുടെ പട്ടികകളിൽ ചാമരം, രചന, വിടപറയും മുമ്പേ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, അതിരാത്രം, യാത്ര, കാതോടുകാതോരം, തേനുവയമ്പും, ആരോരുമറിയാതെ തുടങ്ങിയ ചിത്രങ്ങൾ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു.
എൺപതുകളുടെ ആരംഭത്തിൽ മലയാളത്തിലെ പ്രഗൽഭ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ചാണ് ജോൺ പോളിന്റെ തുടക്കം. അവ എല്ലാം മികച്ച കലാസൃഷ്ടികൾ. ചലച്ചിത്ര രംഗത്തും സജീവമാകുന്നതിന് മുൻപ് കാനറ ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലി ചെയ്തു . കേരള ടൈംസ് പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായി പ്രവർത്തിച്ചപ്പോഴാണ് ജോൺ പോളിനെ അടുത്ത് പരിചയപ്പെടുന്നതെന്ന് സുഹൃത്തായ കലൂർ ഡെന്നീസ് ഒാർക്കുന്നു.
ആസമയത്ത് എറണാകുളത്തെ ചലച്ചിത്ര സൊസൈറ്റിയിൽ അംഗമായിരുന്നു ജോൺ പോൾ. മലയാളത്തിന് അപരിചിതമായിരുന്ന പ്രണയഭാവുകങ്ങളും സിനിമാനുഭവവും സമ്മാനിച്ച ചാമരം ആണ് ജോൺ പോളിന്റെ ആദ്യ തിരക്കഥ. ടി. ദാമോദരൻ, കലൂർ ഡെന്നിസ് എന്നിവരോടൊപ്പം തിരക്കഥ എഴുതി. 2009 ൽ ഐ.വി. ശശി സംവിധാനം ചെയ്ത വെള്ളത്തൂവൽ എന്ന ചിത്രത്തിന് ശേഷം പത്തുവർഷത്തെ ഇടവേള സംഭവിച്ചു. ആസമയത്ത് ജോൺപോൾ എന്ന വിഖ്യാതനായ എഴുത്തുകാരൻ വിശ്രമിച്ചില്ല. സിനിമ വിദ്യാർത്ഥികൾക്കായി ക്ളാസ് എടുത്തു. യുവ സംവിധായകരുമായി സംവദിച്ചു. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ ആണ് അവസാനം രചന നിർവഹിച്ച ചിത്രം. 2020 ൽ മദർ തെരേസ ലീമയുടെ ജീവിതം ആസ്പദമാക്കി തെരേസ ഹാഡ് ഡ്രീം എന്ന ചിത്രം നിർമ്മിച്ച് രചന നിർവഹിച്ചു. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിയുടെ നിർമ്മാതാവായിരുന്നു ജോൺപോൾ.സിനിമയുമായി ബന്ധപ്പെട്ട് ഇരുപത്തി അഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചു. മലയാള സിനിമയുടെ ആദ്യ 25 വർഷത്തെ ചരിത്രം പറയുന്ന ബൃഹദ് ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു അവസാന നാളിൽ ജോൺപോൾ. ഗ്യാങ്സ്റ്റർ, കെയർ ഒഫ് സൈറബാനു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.