
മുംബയ്: ഐ.പി.എല്ലിൽ വെള്ലിയാഴ്ച നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ സംഭവിച്ച നോബാൾ വിവാദത്തിൽ ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തിനും സഹ പരീശിലകൻ പ്രവീൺ ആംറെയ്ക്കും മാച്ച് ഫീസിന്റെ 100 ശതമാനം പിഴവിധിച്ചു.മറ്റൊരു ഡൽഹി താരം ഷർദ്ദുൾ താക്കൂറിന് മാച്ച് ഫീസിന്റെ 50 ശതമാനവും പിഴശിക്ഷ വിധിച്ചിട്ടുണ്ട്. പന്ത് പറഞ്ഞതനുസരിച്ച് ഗ്രൗണ്ടിലെത്തി അമ്പയർമാരുമായി തർക്കിച്ച പ്രവീൺ ആംറെയ്ക്ക് ഒരു മത്സരത്തിഷ വിലക്കും ഏർപ്പെടുത്തി. അമ്പയർ നോബാൾ നൽകാത്തതിൽ പ്രതിഷേധിച്ച് പന്ത് ബാറ്റർമാരെ തിരികെ വിളിക്കാൻ ശ്രമിച്ചിരുന്നു. പരിശീലക സംഘത്തിലുള്ള ഷേൻ വാട്ട്സൺ ഇടപെട്ടാണ് പന്ത് ഉൾപ്പെടെയുള്ളവരെ ശാന്തിമാക്കിയത്. ആംറെ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതുൾപ്പെടെ തങ്ങളുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്ന് വാട്ട്സൺ പിന്നീട് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഒബെദ് മക്കോയ് എറിഞ്ഞ ഡൽഹി ഇന്നിംഗ്സിലെ അവസാന ഓവറിലെ മൂന്നാം പന്തിലാണ് നോബാൾ വിവാദം ഉണ്ടായത്. അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 36 റൺസ് വേണമായിരുന്നു. ആദ്യ മൂന്ന് പന്തും റോവ്‌മാൻ പവൽ സിക്സടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിലായി. ഫുൾ ടോസ് ആയിവന്ന മൂന്നാം പന്ത് പവലിന്റെ അരയ്ക്കും മുകളിലായാണ് വന്നതെന്നും നോബാളെണെന്നും ആരോപിച്ചാണ് ഡൽഹി താരങ്ങൾ പ്രശ്നമുണ്ടാക്കിയത്. എന്നാൽ അമ്പയർ നോബാൾ അല്ലെന്ന തീരുമാനത്തിൽ ഉറച്ചു നിക്കുകയായിരുന്നു. തുടർന്ന് മൂന്ന് പന്തിൽ രണ്ട് റൺസ് വഴങ്ങി പവലിന്റെ വിക്കറ്റും എടുത്ത മക്കോയി മികച്ച തിരിച്ചുവരവ് നടത്തി രാജസ്ഥാന്റെ ജയം ഉറപ്പിച്ചു. . സീസണിലെ മൂന്നാം സെഞ്ച്വറി നേടിയ ജോസ് ബട്ട്ലറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന കൂറ്റൻ ടോട്ടലാണ് നേടിയത്. ഡൽഹിയുടെ വെല്ലുവിളി 20 ഓവറിൽ 207/8ൽ അവസാനിച്ചു.