
കോഴിക്കോട്: നാലര വയസുകാരിയെ അടിച്ചുകൊന്ന കേസിൽ 31വർഷത്തിനുശേഷം പോറ്റമ്മയ്‌ക്ക് ജീവപര്യന്തം തടവും പിഴയും. എറണാകുളം കടവന്ത്ര നഗർ സ്വദേശിനിയും മംഗലാപുരം പഞ്ചമുകിൽ ഖാദർ കോമ്പൗണ്ടിൽ താമസക്കാരിയുമായിരുന്ന ബീന എന്ന ഹസീനയെയാണ് കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്‌ജ് ആർ. അനിൽകുമാർ ശിക്ഷിച്ചത്. 10,000 രൂപ പിഴയും വിധിച്ചു.
1991 ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ബീനയും കാമുകനും മംഗലാപുരം സ്വദേശിയുമായ ഗണേശനും ചേർന്ന് കർണാടക സ്വദേശിയായ യുവതിയിൽ നിന്ന് വളർത്താൻ വാങ്ങിയ കുട്ടിയെ ക്രൂരമായി മർദ്ദിച്ച് കൊല്ലുകയായിരുന്നു. കോഴിക്കോട് ഓയിറ്റി റോഡിലെ ലോഡ്‌ജിൽ താമസിച്ചിരുന്ന പ്രതികൾ പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുകയായിരുന്നു. ചികിത്സയ്‌ക്കിടെ കുട്ടി മരിച്ചു. പിന്നീട് പ്രതികൾ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി.
മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്ത കേസ് ടൗൺ പൊലീസിന് കൈമാറി. രണ്ടാം പ്രതിയായ ബീനയെ കഴിഞ്ഞ വർഷം മാർച്ച് 30ന് ടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ എറണാകുളം കളമശ്ശേരിയിൽ നിന്ന് പിടികൂടിയിരുന്നു. സർക്കിൾ ഇൻസ്പെക്ടർമാരായ സതീഷ് ചന്ദ്രൻ, ടി. പി. പീതാംബരൻ, വി. വി. നാരായണൻ, രാജ്‌മോഹൻ എന്നിവർ അന്വേഷണം നടത്തിയ കേസിൽ ടി.കെ. രാജ്‌മോഹനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജു സിറിയക്ക്, അഡ്വ. കെ മുഹസീന എന്നിവരും പ്രതിഭാഗത്തിന് അഡ്വ.ശ്യാംജിത്തും ഹാജരായി. ഒന്നാംപ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്.