
കവിത
ഒരു പാനപാത്രം നിറയെ വിഷാദം
അനുദിനമെന്നിൽ പകർന്നാലും
ഒരു തരി മധുരമെനിക്കായ് കരുതിയ
ജീവിതമേ നിന്നെ സ്നേഹിപ്പു ഞാൻ
ഒരു കടലോളം കൂരിരുൾ കൊണ്ടെൻ
ഹൃദയാകാശം മറച്ചാലും
ഒരു മധുചന്ദ്രികയെനിക്കായ്
കൊളുത്തിയ
ജീവിതമേ നിന്നെ സ്നേഹിപ്പു ഞാൻ
ഒരു ശിശിരത്തിൻ വിരലുകളാലെൻ
തളിരുകൾ നുള്ളിയെടുത്താലും
ഒരു പ്രേമപുഷ്പമെനിക്കായ് വിടർത്തിയ
ജീവിതമേ നിന്നെ സ്നേഹിപ്പു ഞാൻ