
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ ശമ്പളകുടിശിക നൽകാത്തതിനെ തുടർന്ന് ജീവനക്കാർ സമരത്തിനൊരുങ്ങുമ്പോൾ എം ഡി ബിജു പ്രഭാകറിന്റെ ആംസ്റ്റർഡാം യാത്രക്ക് സർക്കാർ പണം മുടക്കുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. യൂറോപ്പിലെ ബസുകളെപ്പറ്റി പഠിക്കുന്നതിന് വേണ്ടിയാണ് എം ഡി ബിജു പ്രഭാകർ മേയ് 11 മുതൽ 14 വരെ നെതർലാൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാം സന്ദർശിക്കുന്നത്. ആംസ്റ്റർഡാമിലെ സെമിനാറിൽ പങ്കെടുക്കുന്ന അദ്ദേഹം നെതർലാൻഡ്സിലെ നഗരഗതാഗത സംവിധാനത്തെകുറിച്ചും പഠിക്കും
ബിജു പ്രഭാകറിന്റെ യാത്രാചെലവിനായി ദിവസം 100 ഡോളർ നൽകണമെന്ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. ഏകദേശം 7500 രൂപയോളം വരുമിത്. കെ എസ് ആർ ടിസിയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയതുടർന്ന് ശമ്പളം വരെ മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടും എം ഡിയുടെ വിദേശയാത്രയ്ക്ക് ഇത്രയേറെ തുക മുടക്കുന്നതിനോടാണ് തൊഴിലാളി സംഘടനകളുടെ എതിർപ്പ് ഉയരുന്നത്,
എന്നാൽ കെ എസ് ആർ ടി സിയുടെ എം ഡി പൊതുഗതാഗത സംവിധാനങ്ങൾ പഠിക്കാൻ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നത് ആദ്യമായല്ലെന്നും മുൻ സർക്കാരുകളുടെ കാലത്തും വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും അടക്കമുള്ള സംഘങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് യാത്രകൾ നടത്തിയിരുന്നതായി ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.