
പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പാലക്കാട് നഗരത്തിലുള്ള രണ്ടു പേർകൂടി കസ്റ്റഡിയിൽ. പ്രതികളെ സഹായിച്ച ഇവർക്ക് ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് സൂചന. ഇവരുടെ വീടുകളിൽ ഇന്നലെ പൊലീസ് പരിശോധന നടത്തി. പ്രധാന പ്രതികൾ കേരളം വിട്ടിട്ടില്ലെന്ന് ഉത്തര മേഖല ഐ.ജി അശോക് യാദവ് പറഞ്ഞു. സുബൈർ വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും ഐ.ജി അറിയിച്ചു.
റിമാൻഡിലുള്ള മൂന്നു പ്രതികളുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായിട്ടില്ല. ഇതിന് വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
കഴിഞ്ഞദിവസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് കാവിൽപ്പാട് യൂണിറ്റ് പ്രസിഡന്റ് കല്ലംപറമ്പിൽ അഷ്റഫ് (29), ശംഖുവരത്തോട് കുന്നംപുറം സ്വദേശി അഷ്വാഹ് (23), ശംഖുവാരത്തോട് പള്ളി ഇമാം കാന്നിരപ്പുഴ ഐക്കാപാടം സ്വദേശി സദ്ദാം ഹുസൈൻ (30) എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതികൾ ഉപയോഗിച്ച മൂന്ന് ഇരുചക്രവാഹനങ്ങളും ആയുധം കടത്തിയ പെട്ടിഓട്ടോയുംപിടിച്ചെടുത്തിരുന്നു. ശംഖുവാരത്തോട് പള്ളിയിൽ നിന്ന് പ്രതികളുപേക്ഷിച്ചെന്ന് കരുതുന്ന മൊബൈലും വ്യക്തിഗത രേഖകളും കണ്ടെടുത്തു. ഏഴു പ്രതികളാണ് റിമാൻഡിലുള്ളത്. ഇവർ ഗൂഢാലോചന കേസിലും പ്രതികളെ സഹായിച്ചതിനുമാണ് അറസ്റ്റിലായത്.
കൊലപാതകം നടത്തിയവരെ കുറിച്ച് വിവരം ലഭിച്ചെങ്കിലും ഒളിത്താവളം കണ്ടെത്താനായില്ല. മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിലായ മുഹമ്മദ് ബീലാന്റെ സഹോദരൻ അബ്ദുൾ റഹ് മാനാണെന്നും സൂചനയുണ്ട്.
നിരോധനാജ്ഞ
28 വരെ നീട്ടി
ജില്ലയിൽ നിരോധനാജ്ഞ ഈ മാസം 28 വരെ തുടരുമെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇരുചക്രവാഹനത്തിൽ പുരുഷൻമാർ പിൻസിറ്റിൽ സഞ്ചരിക്കുന്നതിനുള്ള വിലക്ക് തുടരും.
പ്രതികളെ പിടിക്കാൻ പൊലീസിന് താത്പര്യമില്ലെന്ന് ശോഭ സുരേന്ദ്രൻ
ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ ആഭ്യന്തരവകുപ്പിന് താത്പര്യമില്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ പറഞ്ഞു. മേലാമുറിയിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പോപ്പുലർ ഫ്രണ്ടും സി.പി.എമ്മും പരസ്പരധാരണയോടെയാണ് പ്രവർത്തിക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ സമ്മർദ്ദത്തെ തുടർന്നാണ് പ്രതികളെ പിടികൂടാത്തത്. പ്രതികളെ സംരക്ഷിക്കുന്ന നയം സർക്കാർ തുടർന്നാൽ നീതിക്കായി അമ്മമാർ തെരുവിലിറങ്ങുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.