
മോസ്കോ : കരിങ്കടലിൽ കഴിഞ്ഞാഴ്ച യുക്രെയിൻ മിസൈൽ ആക്രമണത്തിൽ തകർന്ന റഷ്യൻ യുദ്ധക്കപ്പലായ ' മോസ്ക്‌വ"യിലെ ജീവനക്കാരെ സംബന്ധിച്ച് ആദ്യമായി വിവരങ്ങൾ പുറത്തുവിട്ട് റഷ്യൻ പ്രതിരോധ മന്ത്രാലയം. കപ്പലിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായും 27 പേരെ കാണാനില്ലെന്നും റഷ്യ വെളിപ്പെടുത്തി. 396 സൈനികരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചു. അതേ സമയം, കപ്പലിൽ സ്ഫോടനം എങ്ങനെയുണ്ടായെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.
610 അടി നീളമുള്ള മോസ്ക്‌വ കരിങ്കടലിൽ തമ്പടിച്ചിരുന്ന റഷ്യൻ സൈനിക വ്യൂഹത്തിലെ ഏറ്റവും തന്ത്രപ്രധാനമായ യുദ്ധക്കപ്പലായിരുന്നു. റഷ്യയുടെ കരിങ്കടൽ ഫ്ലീറ്റിലെ പ്രധാന കപ്പലായ മോസ്‌ക്‌വയ്ക്ക് ഡസൻ കണക്കിന് കപ്പൽവേധ മിസൈലുകളും ആന്റി സബ്‌മറൈൻ ടോർപിഡോകളും വഹിക്കാൻ ശേഷിയുണ്ടായിരുന്നു.
തങ്ങളുടെ നെപ്ട്യൂൺ മിസൈലുകളാണ് മോസ്ക്‌വയെ തകർത്തതെന്നും കപ്പൽ മുങ്ങിയെന്നും യുക്രെയിൻ അറിയിച്ചിരുന്നെങ്കിലും കപ്പലിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നുകൾ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് റഷ്യ പറയുന്നത്.
അതേ സമയം, റഷ്യ മരിയപോളിൽ വീണ്ടും ആക്രമണം തുടങ്ങിയതായി യുക്രെയിൻ ആരോപിച്ചു. അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിലെ യുക്രെയിൻ സൈനികരെ ലക്ഷ്യംവച്ചാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് അധികൃതർ പറയുന്നു. മരിയുപോളിനെ പിടിച്ചെടുത്തെന്ന് അവകാശപ്പെട്ടതിന് പിന്നാലെ സ്റ്റീൽ പ്ലാന്റിലെ യുക്രെയിൻ സൈനികരെ ആക്രമിക്കരുതെന്നും എന്നാൽ അവരെ പുറത്തുകടക്കാൻ അനുവദിക്കരുതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉത്തരവിട്ടിരുന്നു.
അതേ സമയം, ഇന്നലെ ഒഡേസയിലുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായും 18 പേർക്ക് പരിക്കേറ്റെന്നും സിറ്റി കൗൺസിൽ അറിയിച്ചു. ഖാർക്കീവിൽ യുക്രെയിൻ എസ്.യു - 25 യുദ്ധ വിമാനത്തെയും മൂന്ന് എം.ഐ - 8 ഹെലികോപ്ടറുകളും വെടിവച്ച് വീഴ്ത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലുഹാൻസ്കിൽ പൊപാസ്നയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ രണ്ട് പേർ മരിച്ചു. വരുന്ന ചൊവ്വാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറെസ് കൂടിക്കാഴ്ച നടത്തും. പിന്നാലെ വ്യാഴാഴ്ച കീവിലെത്തുന്ന അദ്ദേഹം യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായും യുക്രെയിൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബയുമായും ചർച്ച നടത്തും.
വരവിനൊരുങ്ങി സർമത്
റഷ്യയുടെ അതിശക്തമായ സർമത് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിനെ നവംബറോടെ സൈന്യത്തിന്റെ ഭാഗമാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച റഷ്യ സർമതിന്റെ പരീക്ഷണം നടത്തിയിരുന്നു. പത്തിലധികം ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള സർമതിന് ആയിരക്കണക്കിന് അകലെയുള്ള യൂറോപ്പിലെയും യു.എസിലെയും ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുണ്ട്.
മോസ്കോയ്ക്ക് 3,000 കിലോമീറ്റർ കിഴക്ക് സൈബീരിയയിലെ ക്രാസ്നോയസ്ക് മേഖലയിലാകും സർമതിനെ വിന്യസിക്കുകയെന്ന് റഷ്യയുടെ റോസ്കോസ്മോസ് സ്പേസ് ഏജൻസി തലവൻ ഡിമിട്രി റൊഗോസിൻ പറഞ്ഞു. 2016 മുതൽ പരീക്ഷണങ്ങൾ ആരംഭിച്ച ' സാത്താൻ 2 " എന്ന സർമതിനെ ഈ വർഷം മിസൈൽ ഡിവിഷന്റെ ഭാഗമാക്കുമെന്ന് റഷ്യ സൂചിപ്പിച്ചിരുന്നു. അതേ സമയം, സർമതിന് ഇനിയും പരീക്ഷണ ഘട്ടങ്ങൾ മറികടക്കാനുണ്ടെന്നാണ് പാശ്ചാത്യ നിരീക്ഷകരുടെ വിലയിരുത്തൽ.