future

ന്യൂഡൽഹി: ബിഗ്‌ബസാർ സൂപ്പർമാർക്കറ്റ് ശൃംഖലകളുടെ ഉടമകളായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്‌തികൾ ഏറ്റെടുക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകാനാവില്ലെന്ന് ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപസ്ഥാപനമായ റിലയൻസ് റീട്ടെയിൽ വ്യക്തമാക്കി. കിഷോർ ബിയാനി നയിക്കുന്ന ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ 24,​713 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് 2020ലാണ് റിലയൻസ് കടന്നത്.

എന്നാൽ,​ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ ഉയർത്തിയ നിയമപ്പോരിന് പിന്നാലെ ഇപ്പോൾ ഫ്യൂച്ചറിന് വായ്‌പ അനുവദിച്ച ധനകാര്യ സ്ഥാപനങ്ങളും എതിർപ്പറിയിച്ച പശ്ചാത്തലത്തിലാണ് ഇടപാടുമായി മുന്നോട്ടില്ലെന്ന് ഓഹരി വിപണിക്ക് സമർപ്പിച്ച കത്തിൽ റിലയൻസ് വ്യക്തമാക്കിയത്.

ഫ്യൂച്ചറിന് വായ്‌പ അനുവദിച്ച സെക്വേഡ് ക്രെഡിറ്റർമാരിൽ (വായ്‌പ നൽകിയ സ്ഥാപനങ്ങൾ)​ 70 ശതമാനം പേരും റിലയൻസുമായുള്ള ഇടപാടിനെ എതിർത്തു. അൺസെക്വേഡ് ക്രെഡിറ്റർമാരിൽ 78 ശതമാനവും ഓഹരി ഉടമകളിൽ 98.85 ശതമാനവും ഇടപാടിനെ അനുകൂലിച്ചെങ്കിലും സെക്വേഡ് ക്രെഡിറ്റർമാരുടെ എതിർപ്പ് തിരിച്ചടിയായി. ഓഹരി ഉടമകളിൽ 0.14 ശതമാനം പേർ മാത്രമേ ഇടപാടിനെ എതിർക്കുന്നുള്ളൂ.

കഴിഞ്ഞ ബുധനാഴ്‌ചയാണ് സെക്വേഡ് ക്രെഡിറ്റർമാർ വോട്ടിംഗിലൂടെ എതിർപ്പറിയിച്ചത്. ഇക്കാര്യം വെള്ളിയാഴ്‌ച ഓഹരി വിപണികളെ ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് അറിയിക്കുകയായിരുന്നു. തുടർന്നാണ്,​ ഇടപാടുമായി മുന്നോട്ടുപോകാനാവില്ലെന്ന് അറിയിച്ചുള്ള കത്ത് റിലയൻസ് റീട്ടെയിലും ഓഹരി വിപണിക്ക് സമർപ്പിച്ചത്.

നിയമപ്പോരരുമായി

ആമസോണും

ഫ്യൂച്ചർ റീട്ടെയിലിൽ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ 2019ൽ 1,400 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇതോടനുബന്ധിച്ച കരാർപ്രകാരം ഫ്യൂച്ചർ നിക്ഷേപം സ്വീകരിക്കാൻ പാടില്ലാത്ത കമ്പനികളുടെ പട്ടികയിലാണ് റിലയൻസുള്ളത്. ഈ ധാരണ തെറ്റിച്ചാണ് റിലയൻസുമായി ഫ്യൂച്ചർ ഇടപാടിലേക്ക് കടന്നതെന്ന് കാട്ടി ആമസോൺ കോടതിയെ സമീപിച്ചിരുന്നു.

സിംഗപ്പൂർ കോടതിയിൽ നിന്ന് അനുകൂലവിധി സ്വന്തമാക്കിയ ആമസോൺ, വിധി നടപ്പാക്കാനായി ഇന്ത്യൻ കോടതികളെയും സമീപിച്ചു. ഫ്യൂച്ചറുമായി ഇടപാടിനില്ലെന്ന് റിലയൻസ് വ്യക്തമാക്കിയതോടെ കേസിന്റെ പ്രസക്തിയും നഷ്‌ടപ്പെടുകയാണ്.

ഫ്യൂച്ചറിന് വായ്പ നൽകിയവർ

ബാങ്ക് ഒഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, എസ്.ബി.ഐ., ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക്, ആക്‌‌സിസ് ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്.