russal

മുംബയ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 8 റൺസിന് കീഴടക്കി ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ മറികടന്ന് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടി. മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത കൊൽക്കത്തയുടെ ആന്ദ്രേ റസ്സലിന്റെ പ്രകടനം പാഴായി. ഗുജറാത്തുയർത്തിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത ഒരുഘട്ടത്തിൽ 35/4 എന്ന നിലയിൽ തകർന്നിരുന്നു. തുടർന്ന് ആന്ദ്രേ റസ്സലും ( 25 പന്തിൽ 48), റിങ്കു സിംഗും (28 പന്തിൽ 35) പ്രതീക്ഷ നൽകിയെങ്കിലും കൊൽക്കത്തയ്ക്ക് വിജയലക്ഷ്യത്തിലെത്താനായില്ല. അൽസാരി ജോസഫ് എറിഞ്ഞ അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ 18 റൺസ് വേണമായിരുന്നു. ആദ്യ പന്തിൽ റസ്സൽ സിക്സ് നേടി. എന്നാൽ അടുത്ത പന്തിൽ റസ്സലിനെ ഫെർഗൂസന്റെ കൈയിൽ എത്തിച്ച് അൽസാരി കളി ഗുജറാത്തിന്റെ കൈയിൽ ആക്കുകയായിരുന്നു. 6 സിക്സും 1 ഫോറും റസ്സൽ നേടി. ഉമേഷ് യാദവ് (15)​,​ ടിം സൗത്തി (1)​ എന്നിവർ പുറത്താകെ നിന്നു. സാം ബില്ലിംഗ്സ് (4)​,​ സുനിൽ നരെയ്ൻ (5)​,​ ശ്രേയസ് അയ്യർ (12)​,​ നിതീഷ് റാണ (12)​ തുടങ്ങിയ മുൻ നിരക്കാർ നിരാശപ്പെടുത്തി. ഗുജറാത്തിനായി ഷമിയും ദയാലും റഷീദും 2 വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസിന്റെ ഇന്നിംഗ്സിലെ നട്ടെല്ലായത് അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയാണ് (49 പന്തിൽ 67)​. ഡേവിഡ് മില്ലർ (27)​,​ വൃദ്ധിമാൻ സാഹ (25)​ എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 16.1 ഓവറിൽ 132/2 എന്ന അതിശക്തമായ നിലയിലായിരുന്ന ഗുജറാത്ത് എന്നാൽ പിന്നീട് അവിശ്വസനീയമായ രീതിയിൽ തകരുകയായിരുന്നു. അവസാന ഓവറിൽ 5 റൺസ് നൽകി റസ്സൽ നാല് വിക്കറ്റാണ് വീഴ്തത്തിയത്. അവാസന ഓവറിൽ ആദ്യ രണ്ട് പന്തുകളിൽ യഥാക്രമം അഭിനവ് മനോഹറും (2),​ ഫെർഗൂസണും (0)​ അഞ്ച്,​ ആറ് പന്തുകളിൽ തെവാത്തിയ (17)​,​ ദയാൽ എന്നിവരാണ് റസ്സലിന് ഇരയായത്. അവസാന ഓവർ മാത്രമാണ് മത്സരത്തിൽ റസ്സൽ എറിഞ്ഞത്. സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.