
ഗുവാഹത്തി: അതിർത്തി കടന്നുള്ള തീവ്രവാദം തടയാൻ അതിർത്തി കടന്ന് ആക്രമണം നടത്താൻ മടിക്കില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽപങ്കെടുത്ത അസാമിലെ സൈനികരുടെ പരിപാടിയിലാണ് രാജ്നാഥ് സിംഗിന്റെ മുന്നറിയിപ്പ്. തീവ്രവാദത്തിനെതിരെ മുമ്പും ഇന്ത്യ ശക്തമായ സന്ദേശം നൽകിയിട്ടുണ്ട്. അതിർത്തിക്കപ്പുറത്ത് നിന്നുള്ള തീവ്രവാദത്തെ ഇല്ലാതാക്കാൻ അതിർത്തികൾ ഭേദിക്കാൻ ഇന്ത്യ മടി കാണിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വടക്കൻ അതിർത്തി പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ കൂടുതൽ സമാധാനവും സുസ്ഥിരതയുമുണ്ട്. ബംഗ്ലാദേശ് ഇന്ത്യയുടെ സൗഹൃദ രാജ്യമായതിനാൽ ഇവിടെ കാര്യമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. കിഴക്കൻ അതിർത്തിയിൽ ഇപ്പോഴുള്ള സുസ്ഥിരത നിലനിറുത്താനായാൽ അഫ്സ പിൻവലിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചുമത്തിയിരുന്ന പ്രത്യേക സൈനിക അധികാര നിയമമായ അഫ്സ്പ പിൻവലിക്കാൻ കഴിഞ്ഞത് കേന്ദ്രസർക്കാരിന്റെ നിരന്തര പരിശ്രമങ്ങളുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസാമിലെ 23 ജില്ലകളിൽ നിന്നും മണിപ്പൂരിലും നാഗാലാൻഡിലുമുള്ള 15 പൊലീസ് സ്‌റ്റേഷൻ പരിധികളിലും അഫ്സ്പ എടുത്തുകളഞ്ഞിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനവും സുസ്ഥിരതയും നിലനിൽക്കുന്നതിന്റെ ഫലമാണിതെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.