
കൊൽക്കത്ത: ഐ ലീഗിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തിയാക്കുന്ന ക്ലബ്ബെന്ന ചരിത്ര നേട്ടം ഗോകുലം സ്വന്തമാക്കി. ഇന്നലെ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം ഐ ലീഗിൽ പുതിയ റെക്കാഡ് കുറിച്ചത്. തുടർച്ചയായ 18-ാം മത്സരമാണ് മലബാറിയൻസ് പരാജയമറിയാതെ പൂർത്തിയാക്കിയത്. ചർച്ചിൽ ബ്രദേഴ്സിന്റെ പേരിലുള്ള 17 മത്സരങ്ങളുടെ റെക്കാർഡാണ് പഴങ്കഥയായത്.
ഇന്നലെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഗോകുലം പഞ്ചാബിനെ കീഴടക്കിയത്. 16ാം മിനിട്ടിൽ ഗോകുലം അക്കൗണ്ട് തുറന്നു. ഫ്ളെച്ചറായിരുന്നു ആദ്യ ഗോൾ നേടിയത്. 83ാം മിനുട്ടിലാണ് ഗോകുലം രണ്ടാം ഗോൾ നേടിയത്. ശ്രീകാന്തായിരുന്നു സ്കോറർ. 13 മത്സരത്തിൽ നിന്ന് 33 പോയിന്റുള്ള ഗോകുലം പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഗോൾ മഴപെയ്യിച്ച് പെൺപട
ഗോകുലത്തിന്റെ വനിതാ ടീമും ജൈത്രയാത്ര തുടരുകയാണ്. ഭൂവനേശ്വറിൽ നടക്കുന്ന വനിതാ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത 9 ഗോളിന് ഹൻസ് ഫുട്ബാൾ ക്ലബിനെയാണ് ഗോകുലം തകർത്തത്.
മത്സരത്തിന്റെ 40-ാം സെക്കൻഡിൽ ഗോൾ നേടി സീസണിലെ ഏറ്റവും വേഗം കൂടിയ ഗോളോടെയായിരുന്നു ഗോകുലം മത്സരം തുടങ്ങിയത്. ഗ്രെയ്സായിരുന്നു സ്കോർ ചെയ്തത്.