
മുംബയ്: ഹൈദരാബാദിനെതിരെ തകർന്നടിഞ്ഞ് ആർ സി ബി. ടോസ് നേടിയ ഫീൽഡിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ 68 റണ്ണിന് ആൾഔട്ടായി. വെറും 16.1 ഓവർ മാത്രമാണ് ആർ സി ബി ബാറ്റ് ചെയ്തത്. ഗ്ളെൻ മാക്സ്‌വെല്ലും (12) സുയാഷ് പ്രഭുദേശായിയും (15) ഒഴിച്ചുള്ള ആർക്കും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല.
വിരാട് കൊഹ്‌ലി ഉൾപ്പെടെ മൂന്ന് പേരാണ് പൂജ്യത്തിന് പുറത്തായത്. കൊഹ്‌ലി ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ ഓപ്പണർ അനുജ് റാവത്ത് നേരിട്ട രണ്ടാം പന്തിലും ദിനേഷ് കാർത്തിക്ക് മൂന്നാം പന്തിലും പൂജ്യത്തിന് പുറത്തായി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് കൊഹ്‌ലി ആദ്യ പന്തിൽ തന്നെ പൂജ്യത്തിന് പുറത്താകുന്നത്. ലക്ക്നൗ സൂപ്പർ ജയന്റ്സിനെതിരായ കഴിഞ്ഞ മത്സരത്തിലും കൊഹ്‌ലി ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. പതിനൊന്ന് വൈഡും ഒരു നോബാളും ഉൾപ്പെടെ 12 എക്സ്ട്രാ റണ്ണുകൾ വിട്ടുകൊടുത്ത ഹൈദരാബാദ് ബൗളർമാരുടെ ഉദാര മനസ് കൂടി ഇല്ലായിരുന്നെങ്കിൽ ബാംഗ്ളൂരിന്റെ സ്ഥിതി ഇതിലും പരിതാപകരമാകുമായിരുന്നു.
മൂന്ന് വിക്കറ്റുകൾ വീതമെടുത്ത മാർക്കോ ജാൻസണും നടരാജനും ചേർന്നാണ് ബാഗ്ളൂരിനെ തകർത്തത്. ജഗദീശ സുചിത് രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാറും ഉമ്രാൻ മാലിക്കും ഓരോ വിക്കറ്റുകളുമെടുത്തു.