
പട്ന: ലോകത്തിലെ ഒന്നാം നമ്പർ രാജ്യമായി ഇന്ത്യയെ വളർത്തുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 2047ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ലോകത്തിലെ ഒന്നാം നമ്പർ പദവിയിലേക്ക് ഇന്ത്യ ഉയരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ബീഹാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം നല്കിയ വീർ ബാബു കുൻവർ സിംഗിന്റെ ജന്മവാർഷിക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭോജ്പൂരിലുള്ള ജഗ്ദീഷ്പൂരിലെ ഗുലോരൽ മൈതാനത്താണ് പരിപാടി സംഘടിപ്പിച്ചത്. കുൻവർ സിംഗിനോടുള്ള ആദരസൂചകമായി 75,000 ത്രിവർണ പതാകകൾ അഞ്ചുമിനിട്ടോളം ഉയർത്തിയതോടെ പാകിസ്ഥാന്റെ ഗിന്നസ് റെക്കാഡും ഇന്ത്യ തകർത്തു. 2004 ൽ പാകിസ്ഥാനിൽ നടന്ന പരിപാടിയിൽ 57,632 പതാകകൾ പറത്തിക്കൊണ്ടാണ് ഏറ്റവുമധികം ദേശീയ പതാക പറത്തിയതിന്റെ റെക്കാഡ് പാകിസ്ഥാൻ സ്വന്തമാക്കിയിരുന്നത്.
കുൻവർ സിംഗിന്റെ ധീരതയും യോഗ്യതയും അനുസരിച്ചുള്ള ചരിത്ര പ്രാധാന്യം നല്കാതിരുന്നതിലൂടെ അദ്ദേഹത്തോട് അനീതിയാണ് കാട്ടിയതെന്ന് ഷാ കൂട്ടിച്ചേർത്തു. എന്നാൽ ഇന്ന് ചുട്ടുപൊള്ളുന്ന വെയിലിൽ അദ്ദേഹത്തിന് ആദരവർപ്പിച്ച് ദേശീയപതാകയുമായി ജനങ്ങൾ ഒത്തുകൂടിയപ്പോൾ വീർ കുൻവർ സിംഗിന്റെ പേര് അനശ്വരമായെന്ന് അദ്ദേഹം പറഞ്ഞു. കുൻവർ സിംഗ് അവസാനമായി പോരാടിയ ബിഹാറിലെ ജഗദീഷ്പുരിയിൽ അദ്ദേഹത്തിനായി സ്മാരകം നിർമ്മിക്കുമെന്നും അമിത് ഷാ അറിയിച്ചു.