
മുംബയിൽ ഇന്ന് നടന്ന ഐ പി എൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഒൻപത് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 16.1 ഓവറിൽ 68 റൺസിന് ആൾഔട്ടായി. മറുപടി ബാറ്റിംഗിൽ എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ലക്ഷ്യം മറികടന്നു.
അതേസമയം ഇന്നത്തെ തീയതിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ വലിയൊരു ബന്ധമുണ്ട്. ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 68 റൺസിന് പുറത്തായ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് അഞ്ച് വർഷം മുമ്പ് മറ്റൊരു ഏപ്രിൽ 23നാണ് ഐ പി എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്കോറിന് പുറത്താകുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 2017 ഏപ്രിൽ 23ന് നടന്ന മത്സരത്തിൽ 49 റൺസിനാണ് ആർ സി ബി താരങ്ങൾ ആൾഔട്ടായത്.
മറ്റൊരു പ്രത്യേകത എന്തായിരുന്നെന്ന് വച്ചാൽ അന്നത്തെ മത്സരത്തിലും ക്യാപ്ടനായിരുന്ന വിരാട് കൊഹ്‌ലി ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു, അതും സെക്കൻഡ് സ്ലിപ്പിൽ ക്യാച്ച് നൽകിയിട്ട്. അന്ന് ക്രിസ് ഗെയിലിനൊപ്പം ഓപ്പണർ ആയിട്ട് ഇറങ്ങിയ കൊഹ്‌ലി കോൾട്ടർ നൈലിന്റെ പന്തിൽ സെക്കൻഡ് സ്ളിപ്പിൽ ക്യാച്ച് നൽകിയാണ് പുറത്താകുന്നത്. ഇന്നത്തെ മത്സരത്തിലും സമാന രീതിയിൽ, നേരിട്ട ആദ്യ പന്തിൽ മാർക്കോ ജാൻസണിന്റെ ഓവറിൽ സെക്കൻഡ് സ്ളിപ്പിൽ ക്യാച്ച് നൽകിയാണ് കൊഹ്‌ലി കൂടാരം കയറിയത്. ഹൈദരാബാദിനെതിരായ മത്സരത്തിന് സമാനമായി കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലും കൊഹ്‌ലിയെ കൂടാതെ മറ്റ് രണ്ട് പേർ കൂടി പൂജ്യത്തിന് പുറത്തായിരുന്നു. ഇന്നത്തെ കളിയിൽ അനുജ് റാവത്തും ദിനേഷ് കാർത്തിക്കുമായിരുന്നു കൊഹ്‌ലിക്ക് കമ്പനി കൊടുത്തതെങ്കിൽ അന്ന് സാമുവൽ ബദ്രിയും യുസ്‌വേന്ദ്ര ചാഹലുമായിരുന്നു ക്യാപ്ടനൊപ്പം പൂജ്യത്തിന് പുറത്തായ താരങ്ങൾ.
അന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ 131 റൺസ് എടുത്ത് ആൾഔട്ടായി. മറുപടി ബാറ്റിംഗിൽ ആർ സി ബി 9.4 ഓവറിൽ 49 റൺസിന് ആൾഔട്ടാവുകയായിരുന്നു.
എന്നാൽ ആർ സി ബിക്ക് ദുരിതങ്ങൾ മാത്രം നൽകിയ ദിവസമല്ല ഏപ്രിൽ 23. ഐ പി എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ച ടീം എന്ന നേട്ടം ആർ സി ബി സ്വന്തമാക്കുന്നതും ഒരു ഏപ്രിൽ 23നായിരുന്നു. 2013 സീസണിൽ ബംഗളൂരുവിൽ വച്ച് നടന്ന മത്സരത്തിൽ പൂനെ വാരിയേഴ്സിനെതിരായ മത്സരത്തിലാണ് ബാംഗ്ളൂർ ഈ റെക്കാഡ് സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ആർ സി ബി ക്രിസ് ഗെയിലിന്റെ (66 പന്തിൽ 175) വെടിക്കെട്ട് പ്രകടനത്തിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എടുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിൽ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 133 എടുക്കാനെ പൂനെയ്ക്ക് സാധിച്ചുള്ളൂ. 130 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയെങ്കിലും ക്യാപ്ടൻ വിരാട് കൊഹ്‌ലി അന്നും നിരാശപ്പെടുത്തി. ഒൻപത് പന്തിൽ 11 റൺസ് മാത്രമായിരുന്നു കൊഹ്‌ലിയുടെ സമ്പാദ്യം.