
കൊല്ലം: കിണുങ്ങിച്ചിരിക്കുന്ന ലക്ഷ്മിയുടെ മുഖമുണ്ട് ഈ മെമന്റോയിൽ!. യുവജനോത്സവ വിജയിക്ക് സമ്മാനിക്കുന്ന മെമന്റോയിൽ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ കുടുംബത്തിന്റെ സങ്കടങ്ങളുമുണ്ട്. വാഹനാപകടത്തിൽ പൊലിഞ്ഞ പൊന്നോമനയുടെ ഓർമ്മയ്ക്കായിട്ടാണ് 2002ൽ സുരേഷ് ഗോപി യുവജനോത്സവത്തിനായി മെമന്റോ നൽകിയത്. ഓരോ വർഷവും ഈ മെമന്റോ സമ്മാനമായി നൽകുമ്പോൾ ലക്ഷ്മി സുരേഷ് ഗോപിയും ഓർമ്മിക്കപ്പെടുകയാണ്. 1992ൽ സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളായ ലക്ഷ്മി മരിക്കുമ്പോൾ ഒന്നര വയസ് മാത്രമാണ് പ്രായം. കല്യാണ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു രാധികയും മകളും സഞ്ചരിച്ച വാഹനം തോന്നയ്ക്കലിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. കൊഞ്ചിച്ചുതീരും മുമ്പേ വിധി ലക്ഷ്മിയുടെ ജീവനെടുത്തു. ആ ദുഃഖസ്മരണയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിൽ ഓക്സിജൻ വാർഡ് ഒരുക്കിയതടക്കം ഒട്ടേറെ സേവനങ്ങൾ സുരേഷ് ഗോപി നടത്തിവരുന്നുണ്ട്. നാല് മക്കളാണ് ദമ്പതികൾക്കുള്ളത്.